ബെംഗളൂരു: ജനതാദൾ എസ് യുവജന വിഭാഗം അധ്യക്ഷനും ചലച്ചിത്ര താരവുമായ നിഖില്‍ ഗൗഡയും രേവതിയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് കുടുംബാംഗങ്ങൾക്ക് നേരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിച്ച് കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. ലോക്ക് ഡൗണ്‍ ചട്ടങ്ങൾ പാലിച്ച് ലളിതമായ രീതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നതെന്ന് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
ലോക്ക് ഡൗണിനിടെ വിവാഹം നടത്തിയ ഗൗഡ കുടുംബത്തെ ന്യായീകരിച്ച് യെദ്യൂരപ്പ - യെദ്യൂരപ്പ വാർത്ത
ലോക്ക് ഡൗണ്‍ ചട്ടങ്ങൾ പാലിച്ചും മുന്നൊരുക്കങ്ങൾ നടത്തിയുമാണ് ബിഡദി കെതനഹള്ളിയില്‍ വെച്ച് വിവാഹം നടന്നതെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ
കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലളിതമായ രീതിയില്‍ വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചതിന് കുടുംബാംഗങ്ങളെ അഭിനന്ദിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹം ലളിതമായ രീതിയില്‍ നടത്താന്‍ അനുവാദം നല്‍കിയിരുന്നു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഇതേ കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട ആവശ്യമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
മുന്‍ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയാണ് നിഖില്‍ ഗൗഡയുടെ പിതാവ്. മാതാവ് അനിത എംഎല്‍എയാണ്. മുന്‍ പ്രധാനമന്ത്രിയും നിഖിലിന്‍റെ മുത്തച്ഛനുമായ എച്ച്ഡി ദേവഗൗഡയും ഭാര്യ ചെന്നമ്മയും ചടങ്ങുകളുടെ ഭാഗമായി. കോണ്‍ഗ്രസ് നേതാവ് എം കൃഷ്ണപ്പയുടെ അനന്തരവനായ മഞ്ചുവിന്‍റെ മകളാണ് വധു രേവതി. ബെംഗളൂരുവില്‍ നിന്നും 45 കിലോമീറ്റർ അകലെ ബിഡദി കെതനഹള്ളിയിലെ ഫാം ഹൗസില്‍ വെച്ചായിരുന്നു വിവാഹം. അതേസമയം സാമൂഹ്യ അകലം പാലിക്കാതെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്ന രീതിയിലുമാണ് വിവാഹ ചടങ്ങുകൾ നടന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു.