ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി ഇന്ത്യൻ സർക്കാർ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിക്കുകയും ഈ അതിർത്തി പ്രദേശത്തെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി സമന്വയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തിട്ട് ഇന്നേക്ക് ഒരു വർഷം. 2019 ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര സര്‍ക്കാർ നടത്തിയ ഈ നീക്കം ലോകത്തിന് ആശ്ചര്യമായിരുന്നു. ഇതിൽ അസ്വസ്ഥരായ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സൗദി അറേബ്യ, ഇറാൻ, ടര്‍ക്കി പശ്ചിമേഷ്യയിലെ മറ്റ് പ്രമുഖ ഇസ്ലാമിക രാജ്യങ്ങൾ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) ഒഴികെ മറ്റൊരു രാജ്യവും ഇന്ത്യക്കെതിരെ പ്രതികരിച്ചില്ല. പാകിസ്ഥാന്‍റെ ആവശ്യം ഐക്യരാഷ്ട്ര സംഘടന ചെവിക്കൊണ്ടതുമില്ല. തുടർന്ന് കൊവിഡ്-19 മഹാമാരി പൊട്ടിപുറപ്പെടുകയും കശ്മീർ വിഷയം ഒന്നാം പേജുകളില്‍ നിന്നു മായുകയും ചെയ്‌തു.
ജമ്മു കശ്മീരിൽ നിലനിന്നിരുന്ന ആർട്ടിക്കിൾ- 370 നീക്കം ചെയ്തത് പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് ലിബിയയിലെയും ജോർദാനിലെയും ഇന്ത്യയുടെ മുൻ അംബാസഡര്‍ അനിൽ ത്രിഗുണയത്ത് അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യ, ഉത്തര ആഫ്രിക്കാന്‍ മേഖലകളിലെ ആനുകാലിക സംഭവങ്ങള്‍ അടുത്തു അറിയാവുന്ന വ്യക്തിയാണ് മുൻ അംബാസഡര്‍ അനിൽ ത്രിഗുണയത്ത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കാനായി തയാറെടുക്കുകയാണെന്ന് ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ വായിക്കാം:
പശ്ചിമേഷ്യൻ രാജ്യങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ വിദേശനയത്തിന്‍റെ കേന്ദ്രബിന്ദുവായിരിക്കും. അതായത്, ഇന്ത്യയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് പശ്ചിമേഷ്യൻ രാജ്യങ്ങള്‍. ഇവ ഇന്ത്യക്ക് ആവശ്യമായ ഊർജ്ജം വിതരണം ചെയ്യുകയും ഇന്ത്യൻ പ്രവാസികളുടെ പ്രധാന വരുമാനത്തിന്‍റെ ഉറവിടവുമാണ്. കൊവിഡ്-19 മഹാമാരി പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ എങ്ങനെ ബാധിച്ചു? ആഗോള നയതന്ത്രത്തിനായി ഈ കാലഘട്ടത്തിൽ ഏതുതരം സഹകരണമാണ് ഇപ്പോൾ ആവശ്യമായുള്ളത്?
എന്‍റെ കാഴ്ചപ്പാടിൽ പശ്ചിമേഷ്യ, നമ്മുടെ തന്നെ വിപുലീകരിക്കപ്പെട്ട അയൽപ്രദേശമാണ്. ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം, വ്യാപാരം, സമുദ്ര പാതകൾ, സുരക്ഷ, ഊർജ്ജം, ഭക്ഷ്യ സുരക്ഷ എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇത് ഇന്ത്യക്ക് വളരെ തന്ത്രപരമായ താല്‍പര്യം ഉള്ള പ്രദേശവും. കാരണം, നാം ഹൈഡ്രോകാർബണുകളെ ആശ്രയിക്കുന്നത് കുറെ കാലത്തേക്ക് കൂടി തുടരും. നിരവധി ഇന്ത്യൻ കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗൾഫ് സഹകരണ രാജ്യങ്ങൾ പ്രത്യേകിച്ച് സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവ ഇന്ത്യയിലെ നിക്ഷേപം വിപുലീകരിക്കുകയാണ്. സൗദി അറേബ്യ അടുത്തിടെ ജിയോ പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപം നടത്തി. റിലയൻസ് വ്യവസായങ്ങളിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കാമെന്ന പ്രതീക്ഷയിലാണ് അവർ. ഇന്ത്യയില്‍ യുഎഇ 75 ബില്യൺ ഡോളർ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ്. കൊവിഡ്-19 പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എഫ്എം (സുബ്രഹ്മണ്യം) ജയ്‌ശങ്കറും മേഖലയിലെ തങ്ങളുടെ പ്രധാനപ്പെട്ട അധികാരികളുമായി സംസാരിക്കുകയും ദ്രുതപ്രതികരണ സംഘങ്ങളെ വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള വൈദ്യസഹായം നൽകുകയും ചെയ്തു. ജിസിസി സർക്കാരുകളുടെ സഹായത്തോടെ നാലായിരത്തോളം ഇന്ത്യക്കാരെ വന്ദേ ഭാരത് മിഷന്‍റെ കീഴിൽ തിരികെ ഇന്ത്യയില്‍ എത്തിച്ചു. ഏറ്റവും പ്രധാനമായി, ആഗോള നയങ്ങൾ പരിഹരിക്കുന്നതിനായി വെർച്വൽ ജി20 ഉച്ചകോടി സംഘടിപ്പിക്കാൻ പ്രധാനമന്ത്രി മോദി സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചപ്പോൾ ഡിജിറ്റൽ നയതന്ത്രത്തിൽ ഇന്ത്യയുടെ മുന്നേറ്റം ഫലം കണ്ടു. പകർച്ചവ്യാധിയെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ സംയുക്ത അന്താരാഷ്ട്ര ശ്രമം ശക്തമാക്കുക എന്നതായിരുന്നു അതിന്‍റെ പ്രധാന ഉദ്ദേശ്യം. കൊവിഡ്- 19 വാക്‌സിനും നൂതന പരിശോധന കിറ്റുകൾക്കായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുമായി ഇസ്രായേലുമായി നാം കൂടുതൽ സഹകരണം ആരംഭിച്ചു. വാസ്തവത്തിൽ, പ്രതിരോധവും സുരക്ഷാ മേഖലകളും ഉൾപ്പെടെയുള്ള യഥാർത്ഥ ഉൽപാദനവും തന്ത്രപരമായ ലക്ഷ്യങ്ങളും കണക്കിലെടുക്കുമ്പോൾ പ്രധാനമന്ത്രി മോദിയുടെ ഏറ്റവും നല്ല വിദേശനയ വിജയമാണ് ഇന്ത്യയുടെ ആക്റ്റ് വെസ്റ്റ് പോളിസി എന്ന് ഞാൻ കരുതുന്നു.