ബെംഗളൂരു: കാരാവലിയിലെ പരമ്പരാഗത കലാരൂപമായ യക്ഷഗാനം ഇനി പുരുഷന്മാര്‍ക്ക് മാത്രമായി പരിമിതപ്പെട്ട ഒന്നായിരിക്കില്ല. സ്ത്രീകളും ഈ പരമ്പരാഗത കലാരൂപത്തിന്‍റെ ഭാഗമായി മാറുവാന്‍ ആരംഭിച്ചിരിക്കുന്നു. ഒരു ചുവട് കൂടി മുന്നോട്ട് വെച്ചു കൊണ്ട് യക്ഷഗാനം ഇനി ഏതെങ്കിലും ഒരു മതത്തിന്‍റെ മാത്രം ഭാഗമായി മാറുന്നില്ല. അര്‍ഷിയ എന്ന കലാകാരി തെളിയിക്കുന്നത് അതാണ്. യക്ഷഗാനത്തിലെ ഈ കഥാപാത്രങ്ങളെ അര്‍ഷിയ അനായാസം അഭിനയിച്ച് ഫലിപ്പിച്ചു എന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. സംഭാഷണങ്ങള്‍ പറയുന്നതിന്‍റേയും അംഗവിന്യാസവും ഭാവാഭിനയവുമെല്ലാം അര്‍ഷിയയുടെ പ്രകടനത്തെ കൂടുതല്‍ മാസ്മരികമാക്കുന്നു എന്നു മാത്രമല്ല, മികവിന്‍റെ മൂര്‍ത്തീ രൂപവുമായി മാറുകയാണ് അവരുടെ പ്രകടനം.
അർഷിയ, ജീവിതം യക്ഷഗാനത്തിന് സമർപ്പിച്ച കലാകാരി ഒരു മുസ്ലീം സ്ത്രീയാണെങ്കിലും യക്ഷഗാന കലാരൂപത്തിലെ ഏത് പുരുഷ നടന്മാരുടേയും ചങ്കിടിപ്പേറ്റുന്ന പ്രകടനമാണ് അര്‍ഷിയ കാഴ്ച വെക്കുന്നത്. മഹിഷാസുരന്‍റെ വേഷമണിഞ്ഞ് അര്‍ഷിയ ഈ പരമ്പരാഗത കലാരൂപം അവതരിപ്പിക്കുന്നു. യക്ഷഗാനം അവതരിപ്പിക്കുന്ന ആദ്യ മുസ്ലീം വനിത എന്ന ഖ്യാതി അര്‍ഷിയ നേടിയെടുത്തിരിക്കുന്നു. ദേവി മഹാതമ ഒരു കുട്ടിയായി വേഷമിടുന്നത് കണ്ട മുതല്‍ക്കാണ് അര്‍ഷിയക്ക് യക്ഷഗാനത്തോടുള്ള അഭിനിവേശം ആരംഭിക്കുന്നത്. യക്ഷഗാനത്തിലെ മഹിഷാസുരന്‍റെ വേഷം അവളെ പ്രചോദിപ്പിക്കുകയും അതേ വേഷം തന്നെ എടുത്തണിയുവാന്‍ കാരണമാവുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം സ്വപ്നങ്ങള്‍ പൂവണിയിക്കുകയായിരുന്നു അര്‍ഷിയ.
കുട്ടിക്കാലത്ത് തന്നെ യക്ഷഗാനത്തില്‍ പങ്കാളിയാവുക എന്നത് അര്‍ഷിയയുടെ സ്വപ്നമായിരുന്നു. പക്ഷേ ദക്ഷിണ കന്നഡ ജില്ലയിലെ ഒക്കത്തൂര്‍ മഡ എന്ന ഗ്രാമത്തില്‍ നിന്നുള്ള കുട്ടിയായിരുന്നതിനാല്‍ അത് അവളെ സംബന്ധിച്ചിടത്തോളം സാധ്യമാകുന്ന കാര്യമല്ലായിരുന്നു. എന്നാല്‍ ദൂരദര്‍ശനില്‍ യക്ഷഗാനം കാണാന്‍ തുടങ്ങിയതിന് ശേഷം അര്‍ഷിയ യക്ഷഗാന നൃത്തത്തിന്‍റെ ചുവടുകള്‍ പരിശീലിക്കാന്‍ ശ്രമം ആരംഭിച്ചു. ഈ പരമ്പരാഗത കലാരൂപം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്ന ജയറാം എന്ന അധ്യാപകനാണ് അവളില്‍ യക്ഷഗാന താല്‍പ്പര്യം തൊട്ടുണര്‍ത്തിയത്. ബിരുദം നേടുകയും പിന്നീട് വിവാഹിതയാവുകയും ചെയ്തു എങ്കില്‍ പോലും യക്ഷഗാനത്തോടുള്ള താല്‍പര്യം അര്‍ഷിയയില്‍ നിന്നും വിട്ടു പോയില്ല. നാടക കളരികളില്‍ പോയി യക്ഷഗാനം കാണുകയും സമൂഹ മാധ്യമങ്ങളില്‍ പരിശോധിക്കുകയും ചെയ്തു കൊണ്ട് അര്‍ഷിയ ആ കലാരൂപത്തെ പിന്തുടര്‍ന്നു. പിന്നീട് അവള്‍ കദളി കലാ കേന്ദ്രത്തില്‍ ചേരുകയും അവിടെ രമേഷ് ഭട്ടിനു കീഴില്‍ പരിശീലിക്കുവാന്‍ അവസരം ലഭിക്കുകയും ചെയ്തു.
ഒരു ഓട്ടോമൊബൈല്‍ സ്ഥാപനത്തിലാണ് ഇപ്പോള്‍ അര്‍ഷിയ ജോലി ചെയ്തു വരുന്നത്. തന്‍റെ തൊഴിലും യക്ഷഗാനവും ഒരുപോലെ അവള്‍ മുന്നോട്ട് കൊണ്ടു പോകുന്നു. അര്‍ഷിയയുടെ കുടുംബവും സഹപ്രവര്‍ത്തകരും ഒരുപോലെ അവളുടെ ഈ കലാ ജീവിതത്തില്‍ സര്‍വ പിന്തുണയും നല്‍കി വരുന്നു. സാധാരണയായി മുസ്ലീം സ്ത്രീകള്‍ ഇത്തരം കലാരൂപങ്ങള്‍ പൊതു വേദികളില്‍ അവതരിപ്പിക്കുന്നത് കാണാറില്ലെങ്കിലും അര്‍ഷിയ യക്ഷഗാന മേഖലയില്‍ തന്‍റേതായ ഒരു സ്ഥാനം വിജയകരമായി ഉറപ്പിച്ചു കഴിഞ്ഞു. അര്‍ഷിയയുടെ സ്ഥിരോത്സാഹം ഫലം ചെയ്തിരിക്കുന്നു. മാതാപിതാക്കള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന തനു ഇന്ന് യക്ഷഗാന മേഖലയിലെ അറിയപ്പെടുന്ന പേരാണ്. അവളുടെ കലാരൂപത്തെ മാതാപിതാക്കള്‍ പിന്തുണയ്ക്കുന്നതാണ് സ്വന്തം സ്വപ്നം കൈവരിക്കുവാന്‍ അവളെ സഹായിച്ചത്.