ലോക വ്യാപാര സംഘടനയോടുള്ള കടപ്പാട് ചൂണ്ടി കാണിച്ചു കൊണ്ട് സര്‍ക്കാര്‍ അഞ്ച് ലക്ഷം മെട്രിക് ടണ്‍ ചോളവും 10000 മെട്രിക് ടണ്‍ പാലും, പാലുല്‍പ്പന്നങ്ങളും 15 ശതമാനം എന്ന ഇളവ് നിരക്കിലുള്ള കസ്റ്റംസ് തീരുവയോടെ താരിഫ് റേറ്റ് ക്വാട്ട സ്‌കീം വഴി ഇറക്കുമതി ചെയ്യുവാന്‍ അനുവദിച്ചിരിക്കുന്നു. ഇന്ത്യയിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇതിന്‍റെയെല്ലാം അനന്തര ഫലം എന്തായിരിക്കുമെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ലോക ക്രമത്തിന്‍റെ ഒരു ഭാഗമെന്ന നിലയില്‍ ഇന്ത്യ ലോക വ്യാപാര സംഘടനയിലെ ഒരു (ഡബ്ലിയുടിഒ) അംഗമാണ്. ലോകം മുഴുവന്‍ മുതലാളിത്ത “സ്വതന്ത്ര വ്യാപാരം'' പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് കൊണ്ടുള്ള ഒരു ബഹുകക്ഷി കരാറാണ് ലോക വ്യാപാര സംഘടന. നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, ഇളവുകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ വ്യാപാര നിയന്ത്രണങ്ങള്‍ നീക്കുന്നതിനായി വാദിക്കുന്ന സംഘടനയാണ് ഇത്. ഇതിന് അജണ്ടകള്‍ ഉണ്ടെങ്കിലും വികസ്വര രാജ്യങ്ങളും, ആഗോള ദക്ഷിണ മേഖലയും തങ്ങളുടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെടുന്നു. ഇതിനു കാരണം വികസിത പാശ്ചാത്യ രാഷ്ട്രങ്ങളും അവരും തമ്മിലുള്ള അതുല്യത വളരെ ഏറെയാണ് എന്നുള്ളതാണ്.
ആഫ്രിക്കന്‍ രാജ്യങ്ങളെ കൂടെ കൂട്ടി കൊണ്ട് ഇന്ത്യയാണ് ഇളവുകള്‍ ആവശ്യപ്പെടുന്ന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നത്. പക്ഷെ യുഎസ്എയുടെ നേതൃത്വത്തിലുള്ള വികസിത രാജ്യങ്ങള്‍ എപ്പോഴും അത് പ്രതിരോധിച്ചു വരുന്നു. ലോകത്ത് എന്നും എപ്പോഴും ഏറ്റവും കൂടുതല്‍ ഇളവുകള്‍ ലഭിച്ചു വരുന്നത് യുഎസ്എയിലെ കൃഷിക്കാര്‍ക്കാണെങ്കിലും, വികസ്വര രാജ്യങ്ങള്‍ ചില കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള സംരക്ഷിത നിരക്കുകള്‍ ഒഴിവാക്കണം എന്നാണ് യുഎസിന്‍റെ ആവശ്യം. അവര്‍ ഒരു താരിഫ് റേറ്റ് ക്വാട്ട പദ്ധതി തന്നെ ഇതിനു വേണ്ടി രൂപം നല്‍കിയിട്ടുണ്ട്. ഇതിലൂടെ വികസ്വര രാജ്യങ്ങള്‍ പോലും ഇറക്കുമതി തീരുവ കുറച്ചു കൊണ്ട് തങ്ങളുടെ കാര്‍ഷിക വിപണികള്‍ തുറന്നു കൊടുക്കുന്നു.
ഗാട്ട് കരാറിന്‍റെ 28-ാം വകുപ്പ് പാലിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി വിപണിയിലേക്കുള്ള പ്രവേശനം നല്‍കി കൊണ്ട് ഇന്ത്യ പുതിയ ഇറക്കുമതികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു. നിലവില്‍ ചോളം ഇറക്കുമതി ചെയ്യുന്നതിന് 50 ശതമാനവും മറ്റ് ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് 40 മുതല്‍ 60 ശതമാനം വരെയും ആണ് ഇന്ത്യ ഇറക്കുമതി തീരുവ ചുമത്തുന്നത്. ആഭ്യന്തര വിപണികളില്‍ ധാന്യങ്ങള്‍ വൻ തോതില്‍ ഇറക്കുമതി ചെയ്യുന്നത് തടുക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിറകിലുള്ളത്.
ഇനി നമ്മള്‍ ചോളത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ ആഴത്തിലേക്ക് നോക്കുമ്പോള്‍, ചോളം കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു തീരുമാനം ഇത്രയും മോശമായ ഒരു കാലഘട്ടത്തില്‍ തന്നെ വന്നു എന്നുള്ള ദുരിതത്തിലാണ്. റാബി ചോളത്തിന്‍റെ വില നിലവില്‍ തന്നെ കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഏക്കറില്‍ 20000 രൂപയോളം നഷ്‌ടമാണ് ബിഹാറിലെ കര്‍ഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിതമായ ഉല്‍പാദനവും, സംഭരിച്ചു വെക്കാനുള്ള സൗകര്യങ്ങളുടെ കുറവുമാണ് ചോളത്തിന്‍റെ വില ഇങ്ങനെ കൂപ്പു കുത്തുവാനുള്ള മറ്റ് കാരണങ്ങള്‍.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പുതുതായി വന്നെത്തിയിരിക്കുന്ന ഫാള്‍ ആര്‍മി വോം (എഫ് എ ഡബ്ലിയു) എന്ന പുതിയ ഒരു കീടവും ചോള ഉല്‍പാദനത്തിന് വലിയ ഭീഷണിയായി തീര്‍ന്നിരിക്കുന്നു. ബിഹാര്‍, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഈ കീടബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈ മേഖലയിലെ ചോള കര്‍ഷകര്‍ക്കിടയില്‍ ആശങ്ക വർധിച്ചിട്ടുണ്ട്. കനത്ത കീടനാശിനികള്‍ ഉപയോഗിച്ചിട്ടും അവര്‍ക്ക് ഈ കീടബാധയെ ചെറുക്കുവാന്‍ കഴിയുന്നില്ല.
കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള കാലത്ത് ചോളത്തിന്‍റെ വില തകര്‍ന്നു കൊണ്ടിരിക്കുന്നു എന്നത് ഇന്ത്യയിലെ ചോള കര്‍ഷകരില്‍ ഭീതി പടര്‍ത്തിയിരിക്കുന്നു. കോഴികള്‍ക്ക് കൊടുക്കുന്ന തീറ്റയില്‍ 60 ശതമാനവും ചോളമാണ് എന്നതിനാല്‍ ഇറച്ചിക്കോഴി ഉല്‍പാദന മേഖലയും അതോടോപ്പം സ്റ്റാര്‍ച്ച് ഉല്‍പ്പാദന മേഖലയുമാണ് ഈ വിളയുടെ പ്രമുഖ ഉപഭോക്താക്കള്‍. ഇറച്ചിക്കോഴി മേഖല കൊവിഡ് കൊണ്ടു തന്നെ വലിയ തിരിച്ചടിയാണ് നേരിടുന്നത് എന്നതിനാല്‍ അടുത്ത കാലത്തൊന്നും ചോളത്തിനുള്ള ആവശ്യകത ഉയരുമെന്ന് തോന്നുന്നില്ല.
മറ്റൊരു വെല്ലുവിളി വരുന്നത് ജനിതകമായി മാറ്റം വരുത്തിയ (ജി എം) ചോളത്തിന്‍റെ ഇറക്കുമതിയിലൂടെയാണ്. ജനിതകമായി മാറ്റം വരുത്തിയ ചോളത്തിന്‍റെ വില ജനിതകമായി മാറ്റം വരുത്താത്ത ചോളത്തിന്‍റെ (ഇന്ത്യയില്‍ ഇതാണ് ഉല്‍പ്പാദിപ്പിക്കുന്നത്) വിലയേക്കാള്‍ വളരെ കുറവാണ്. അതിനാല്‍ 50 ലക്ഷം മെട്രിക് ടണ്‍ ജി എം ചോളം ഇറക്കുമതി ചെയ്യുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഇത് സംഭവിച്ചാല്‍ ചോളത്തിന്‍റെ വില ഇനിയും ഇടിയും. കാരണം ബ്രസീലിലേയും യു എസിലേയും ഒക്കെ ജി എം ചോള കര്‍ഷകര്‍ വളരെ ചെറിയ നിരക്കിലാണ് ചോളം നല്‍കുന്നത്. ഈ കര്‍ഷകര്‍ക്ക് ഇളവുകള്‍ നല്‍കി കൊണ്ട് അവിടങ്ങളിലെ സര്‍ക്കാരുകള്‍ തങ്ങളുടെ ചെലവ് കൃത്രിമമായി കുറച്ചു കാട്ടുകയാണ്.
കടുത്ത നിയന്ത്രണ സംവിധാനങ്ങളുടെ അപര്യാപ്‌തത മൂലം ജി എം ചോളം കൊണ്ടു വന്ന് തള്ളുന്നതിന്‍റെ എളുപ്പ ഇരയായി മാറുകയാണ് ഇന്ത്യ. ഇന്ത്യയിലെ ചോള കര്‍ഷകര്‍ ഇപ്പോള്‍ തന്നെ ദുസ്ഥിതിയിലാണ് കഴിയുന്നത്. ഈ ഇറക്കുമതികളിലൂടെ പുതിയ കീടങ്ങള്‍ വല്ലതും ഇന്ത്യയിലേക്ക് കടക്കുക കൂടി ചെയ്‌താല്‍ പ്രാദേശിക ഉല്‍പാദനം തന്നെ തകര്‍ന്നു തരിപ്പണമാവുകയും ഇന്ത്യ വിദേശ ചോളത്തെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യും.
നിലവിലുള്ള ഖരീഫ് വിളയിറക്കല്‍ രീതികള്‍ നോക്കുമ്പോള്‍ തന്നെ വടക്കെ ഇന്ത്യയില്‍ ഉടനീളം വന്‍ തോതിലാണ് ചോളം കൃഷിയിറക്കുന്നത് എന്ന് കാണാം. നിരവധി പച്ചക്കറി, പൂ കര്‍ഷകര്‍ ഇത്തവണ സുരക്ഷിതമായി കളിച്ചു കൊണ്ട് ചോളമാണ് ഒരു ബദല്‍ എന്ന നിലയില്‍ കൃഷി ചെയ്‌തിരിക്കുന്നത്. ചോളം കൃഷി ചെയ്യുന്ന മൊത്തം പ്രദേശവും വര്‍ധിച്ചിരിക്കുന്നു. ഇതിനര്‍ഥം വിളവെടുപ്പ് കാലമാകുന്നതോടു കൂടി അമിത ഉല്‍പ്പാദനം മൂലം വില ഒന്നു കൂടി ഇടിയുമെന്നാണ്. ഒക്‌ടോബര്‍ അവസാനത്തോടു കൂടി നമ്മുടെ സംഭരണ ശാലകളെല്ലാം ഇറക്കുമതി ചെയ്‌ത ചോളം കൊണ്ട് നിറഞ്ഞാല്‍ നമ്മുടെ ഗ്രാമീണ കര്‍ഷകര്‍ പിന്നെ എവിടേക്ക് പോകേണ്ടി വരും എന്നറിയില്ല. ഇപ്പോള്‍ വ്യാപാരികള്‍ക്ക് ചോളം സംഭരിച്ചു വെക്കാവുന്ന പരിധിയും എടുത്തു കളഞ്ഞിരിക്കുന്നു എന്നുള്ള കാര്യം കണക്കിലെടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കയറ്റുമതിക്കാര്‍ക്ക് നേരിട്ട് വില്‍ക്കാന്‍ കഴിയും.
ഇന്ത്യയിലെ ചോളം, ജി എം ചോളത്തേക്കാള്‍ എപ്പോഴും വില കൂടിയതാണ് എന്നതിനാല്‍ ഈ നടപടികള്‍ ഒക്കെയും ഇന്ത്യന്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം പ്രതികൂലമാണ്. ആഭ്യന്തര, ആഗോള ഉല്‍പന്ന വ്യാപാരികള്‍ക്ക് എളുപ്പം മുതലെടുപ്പ് നടത്തുവാന്‍ കഴിയുന്ന ഒന്നാണ് നമ്മുടെ ആഭ്യന്തര ചോള വിപണി. ചോള കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക ഇന്ത്യാ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്.
കൃത്രിമമായി വില കുറച്ചു കാട്ടുന്ന വിദേശ ചോളവുമായി ഒരിക്കലും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നതിനാല്‍ ഇന്ത്യന്‍ ചോള കര്‍ഷകരുടെ ഭാവി ഇരുളടഞ്ഞെന്ന് വേണം കരുതാന്‍. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ കൂടുതല്‍ ചോളം ഇറക്കുമതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഈ പ്രശ്‌നം ഒന്നുകൂടി കടുത്തതാക്കി മാറ്റുവാനേ ഉപകരിക്കൂ.