പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീറിനെതിരെ വ്യാപക സൈബര്‍ ആക്രമണം. ആതിഷിന്‍റെ വിക്കിപീഡിയ പേജിലെ വിവരങ്ങള്‍ തിരുത്തിയാണ് വ്യാജപ്രചാരണം നടത്തുന്നത്. പേജ് നിരവധി തവണ എഡിറ്റ് ചെയ്യപ്പെട്ടതായി സ്ഥിരീകരിക്കുന്ന തെളിവുകള്‍ ആള്‍ട്ട് ന്യൂസ് പുറത്തുവിട്ടു. മാറ്റങ്ങള്‍ വരുത്തിയ പേജിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ബ്രിട്ടീഷ് പൗരനായ ആതിഷ് കോണ്‍ഗ്രസിന്‍റെ പബ്ലിക് റിലേഷന്‍ മാനേജരാണെന്നും ടൈം മാഗസിന്‍ സിപിഎം മുഖപത്രമായെന്നും ശശാങ്ക് സിങ് എന്ന ബിജെപി അനുഭാവി ട്വീറ്റ് ചെയ്തു. ഇത് അഞ്ഞൂറിലധികം പേര്‍ റീട്വീറ്റ് ചെയ്തു. സമാന ആരോപണങ്ങള്‍ ഉന്നയിച്ച് ബിജെപി അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ആതിഷിനെതിരെ വ്യാപക പ്രചാരണം നടക്കുകയാണ്.
മോദിക്കെതിരായ ടൈം ലേഖനം: ആതിഷ് തസീറിനെതിരെ സൈബര്‍ ആക്രമണം - aatish taseer
ആതിഷിന്‍റെ വിക്കിപീഡിയ പേജിലെ വിവരങ്ങള്‍ തിരുത്തി സ്ക്രീന്‍ ഷോട്ടുകള്‍ ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്.
മോദിക്കെതിരായ ടൈം ലേഖനനത്തിന് പിന്നാലെ ആതിഷ് തസീറിനെതിരെ സൈബര്‍ ആക്രമണം
മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തെ വിമര്‍ശിച്ചെഴുതിയ ലേഖനം ടൈം മാഗസീന്‍ പ്രസിദ്ധീകരിച്ച ദിവസം തന്നെയാണ് സൈബര്‍ ആക്രമണം ആരംഭിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളില്‍ മോദി മൗനം പാലിക്കുന്നതിനെ ആതിഷിന്‍റെ ലേഖനം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ഉള്‍പ്പെടെ മോദി മൗനാനുവാദം നല്‍കുന്നെന്നും പരാമര്‍ശമുണ്ട്.