റായ്ബറേലി: ജനാധിപത്യത്തെ തകർക്കുന്ന പ്രത്യയശാസ്ത്രത്തെ ഇല്ലാതാക്കി രാജ്യത്തിന് മുൻഗണന നല്‍കുമെന്നും ബിജെപി സത്യത്തെ വളച്ചൊടിക്കുകയാണെന്നും കോൺഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സ്വന്തം ശക്തി ഉപയോഗിച്ചാണ് കോൺഗ്രസ് ഇലക്ഷനിൽ യുദ്ധം ചെയ്യുന്നത്.
പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണിത്. പ്രത്യയശാസ്ത്രത്തിന് വേണ്ടി എന്‍റെ കുടുംബാംഗങ്ങൾ ജീവിക്കുകയും മരിക്കുകയും ചെയ്തു. ആ പ്രത്യയശാസ്ത്രമാണ് ഈ രാജ്യത്തെ പണിതുയർത്തിയത്. ജനാധിപത്യത്തിൽ പരമോന്നതമായിട്ടുള്ളത് ജനങ്ങളുടെ ശബ്ദമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
സംസ്കാരമുളള വീട്ടിലെ കുട്ടികളെ പ്രിയങ്കയിൽ നിന്നും മാറ്റി നിർത്തണമെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അഭിപ്രായത്തോടും അവർ പ്രതികരിച്ചു. " പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കുട്ടികളെ തടഞ്ഞു, എന്നാൽ തിരുത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ബിജെപി ആരോപണമുന്നയിച്ചത്. ഞാൻ സത്യം പറഞ്ഞു, അവർ സത്യത്തെ വളച്ചൊടിച്ചു. " പ്രിയങ്ക പറഞ്ഞു.
ഇലക്ഷനിൽ എന്തുകൊണ്ട് മത്സരിക്കുന്നില്ലെന്ന ചോദ്യത്തിനും പ്രിയങ്ക മറുപടി നൽകി. ഇലക്ഷൻ നേരിടുന്ന 41 സ്ഥാനാർത്ഥികളേയും മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തം തന്നിൽ നിക്ഷിപ്തമായതിനാലാണ് മത്സരിക്കാത്തതെന്നായിരുന്നു പ്രതികരണം.