മുംബൈ:പ്രായമായവരെ ചികിത്സയ്ക്കായി കൊണ്ടുവന്ന ശേഷം ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളയുന്നതായി ഔറംഗബാദ് ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രി (ജിഎംസിഎച്ച്) അധികൃതർ. മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ സംവിധാനങ്ങളിലൊന്നാണ് ജിഎംസിഎച്ച് ഔറംഗബാദ്. മേഖലയിലെ എട്ട് ജില്ലയിൽ നിന്നുള്ളവർ ഈ ആശുപത്രിയിൽ എത്താറുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇങ്ങനെ ചികിത്സയ്ക്കായി എത്തുന്നവർ പ്രായമായവരെ ആശുപത്രിയിൽ തന്നെ ഉപേക്ഷിച്ച് കടന്നുകളയുന്ന പ്രവണത വർധിക്കുന്നതായാണ് നിലവിൽ ഉയരുന്ന ആരോപണം.
ആശങ്കാജനകമായ പ്രവണത; വൃദ്ധരെ ബന്ധുക്കൾ ആശുപത്രിയിൽ ഉപേക്ഷിക്കുന്നു - ഔറംഗബാദ് വാർത്തകൾ
ആശുപത്രിയിൽ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ കുടുംബത്തെ ബന്ധപ്പെട്ടാൽ അവർ മറുപടി നൽകാറില്ല
ഒന്നാം ഘട്ട കൊവിഡ് ലോക്ക്ഡൗൺ സമയത്ത് ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഔറംഗബാദ് മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച് പ്രചരണം നടത്തി അവരിൽ പലരെയും പ്രാദേശിക ഷെൽട്ടർ ഹോമുകളിലേക്ക് അയച്ചു. എന്നാൽ അവരിൽ പലരും ഷെൽട്ടർ ഹോമുകളിൽ നിന്നും രക്ഷപ്പെട്ടതായും ജിഎംസിഎച്ച് സൂപ്രണ്ട് ഡോ. സുരേഷ് ഹാർബഡെ പറഞ്ഞു. ഇങ്ങനെ രക്ഷപ്പെടുന്നവർ ആശുപത്രി പരിസരങ്ങളിലോ ഫുട്‌പാത്തുകളിലോ ചുറ്റുമുള്ള സ്ഥലങ്ങളിലോ അഭയം തേടാറാണ് പതിവെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഒന്നാം ഘട്ട പ്രചരണത്തിന് ശേഷം ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണത്തിൽ കുറവ് വന്നിരുന്നെങ്കിലും ഇപ്പോൾ വീണ്ടും സമാന സംഭവങ്ങൾ ഉണ്ടായി തുടങ്ങിയെന്നാണ് അധികൃതർ പറയുന്നത്. ഇങ്ങനെ ആശുപത്രിയിൽ എത്തുന്ന വൃദ്ധരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടാൽ അവർ മറുപടി നൽകാറില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.