മനുഷ്യജീവിതത്തില്‍ നിര്‍ണായകമായ ഒരു പങ്കാണ് ഭൂമി വഹിക്കുന്നത്. മനുഷ്യനെ മാത്രമല്ല മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയെയും ഭക്ഷണം നല്‍കി പോറ്റുന്നത് ഭൂമിയാണ്. ഫലഭൂയിഷ്ടമായ ഭൂമി കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. എന്നാല്‍ കൃഷിഭൂമിയുടെ ഫലപുഷ്ടി പല കാരണങ്ങളാലും നഷ്ടപ്പെടുകയാണ്. ഇതില്‍ പ്രധാന കാരണങ്ങളിലൊന്ന് മണ്ണൊലിപ്പാകുന്നു. 2013 മുതല്‍ ഐക്യരാഷ്ട്രസഭ എല്ലാ ഡിസംബര്‍ മാസം അഞ്ചിനും ലോക മണ്ണ് ദിനം ആചരിക്കുന്നു. ഈ വര്‍ഷം ഈ ദിനാചരണവുമായി ബന്ധപ്പെട്ട മുദ്രാവാക്യം അര്‍ഥമാക്കുന്നത് മണ്ണൊലിപ്പ് തടഞ്ഞ് ഭൂമിയിലെ മനുഷ്യരെയും മറ്റ് ജീവജാലങ്ങളേയും സംരക്ഷിക്കുക എന്നതാണ്.
ഈ ദിനാചരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഭക്ഷ്യ, കാര്‍ഷിക സംഘടനയുടെ (എഫ്‍ഐഒ) ഡയറക്ടര്‍ പ്രൊഫ.മരിയസലീന അമെന്‍ഡോ നടത്തിയ പ്രസ്താവന മണ്ണിന്‍റെ സംരക്ഷണ പ്രശ്നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്. ലോകത്തിലെ പല രാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ക്ക് മണ്ണൊലിപ്പ് ഫലപ്രദമായി തടയുന്നതിനുള്ള ഒരു കര്‍മപദ്ധതി ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഏത് രാജ്യത്തെ ജനങ്ങളുടേയും ആരോഗ്യത്തിന്‍റെ അനിവാര്യതയും അടിസ്ഥാനവുമാണ് ഫലപുഷ്ടിയുള്ള മണ്ണ്. ശരിയായ കൃഷിയിലൂടെ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കാമെന്നതുകൊണ്ട് മണ്ണിന്‍റെ ആരോഗ്യം മനുഷ്യന്‍റെ വികസനത്തിനും പുരോഗതിക്കും നിര്‍ണായകമാണ്. നമ്മുടെ ഭക്ഷണത്തിന്‍റെ 95 ശതമാനവും കുടിവെള്ളത്തിന്‍റെ 99.9 ശതമാനവും മണ്ണില്‍നിന്നാണ് ലഭിക്കുന്നത്. മണ്ണ് കാര്‍ബണിനെ സ്ഥിരീകരിച്ചുനിര്‍ത്തുകയും മലിനീകരണം കുറയ്ക്കുകയും വിളവുകള്‍ക്കും വനങ്ങള്‍ക്കും വെള്ളവും പോഷകങ്ങളും നല്‍കുകയും ഭക്ഷണം, വസ്ത്രം, മരത്തടി, മരുന്നുകള്‍ എന്നിവ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
കിഴക്ക് പടിഞ്ഞാറൻ തീരപ്രദേശങ്ങളിലുണ്ടാകുന്ന മണ്ണൊലിപ്പിന്‍റെ കണക്കുകൾ ഇന്ത്യയടക്കം ലോകത്താകമാനം മണ്ണ് വിവേചനരഹിതമായും മാരകമായും ഉപയോഗിക്കുന്നു. രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയുടെ വിവേചനരഹിതമായ ഉപയോഗവും അനാവശ്യമായ മണ്ണ് വെട്ടലും, അശാസ്ത്രീയമായ ജലവിനിയോഗവും കൃഷിരീതിയും എല്ലാം കാരണം മണ്ണ് മലിനീകരിക്കപ്പെടുന്നു. ഇതിന്‍റെയെല്ലാം ഫലമായി ഭക്ഷ്യോല്‍പാദനം കുറയുകയും ഫലപുഷ്ടിയേറിയ മേല്‍മണ്ണ് ജലവും കാറ്റും മൂലമുണ്ടാകുന്ന മണ്ണൊലിപ്പില്‍ നഷ്ടമാകുകയും ചെയ്യുന്നു. അന്താരാഷ്ട്ര പഠനങ്ങള്‍ വ്യക്തമാക്കുന്നത് മോശമായ കൃഷിരീതികള്‍ വന്‍തോതിലുള്ള മണ്ണൊലിപ്പിന് കാരണമാകുന്നുവെന്നാണ്. കേന്ദ്ര മണ്ണ്, ജല സംരക്ഷണ സംഘടനയുടെ കണക്കനുസരിച്ച് 8.26 കോടി ഹെക്ടര്‍ മേല്‍മണ്ണ് മണ്ണൊലിപ്പിലൂടെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതിവര്‍ഷം 5334 ടണ്‍ ഫലപുഷ്ടിയുള്ള മണ്ണും 84 ലക്ഷം ടണ്‍ പോഷകങ്ങളും ഇങ്ങനെ നഷ്ടമാകുന്നതുകൊണ്ട് മണ്ണിന്‍റെ ഉല്‍പാദനക്ഷമതയും ശേഷിയും ഗണ്യമായി കുറയുന്നു. ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ (എഫ്‍ഐഒ) കണക്കനുസരിച്ച് നിലവില്‍ 30 ശതമാനം വരുന്ന മണ്ണൊലിപ്പ് 2050 ആകുന്നതോടെ 90 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് വ്യക്തമാകുന്നത്. ഐക്യരാഷ്ട്രസംഘടനയുടെ വിലയിരുത്തല്‍ പ്രകാരം മണ്ണൊലിപ്പ് ഭക്ഷ്യ പ്രതിസന്ധിയിലേക്കും ഗ്രാമീണമേഖലയിലെ ദരിദ്രരുടെ സാമ്പത്തിക ദുരവസ്ഥയിലേക്കും വരള്‍ച്ചയിലേക്കും ചെന്നെത്തിക്കുന്നത് ഉപജീവനമാര്‍ഗം തേടി ആളുകള്‍ പലായനം ചെയ്യുന്നതിലേക്ക് നയിക്കും. മണ്ണൊലിപ്പ് ലോകത്തുടനീളം ഇതേ നിലയില്‍ തുടര്‍ന്നാല്‍ അത് ജലം മണ്ണിന്‍റെ അടിത്തട്ടിലേക്ക് പ്രവേശിക്കാതാകുന്നതിനും സസ്യങ്ങളുടെ വേരുകളുടെ വളര്‍ച്ച തടയുകയും ചെയ്യും. ഈ അവസ്ഥ കാരണം ഭക്ഷ്യോല്‍പാദനം 50 ശതമാനത്തോളം കുറയും. ഭക്ഷ്യക്ഷാമത്തിലേക്കാകും ഇത് നമ്മെ നയിക്കുക.
കിഴക്ക് പടിഞ്ഞാറൻ തീരപ്രദേശങ്ങളിലുണ്ടാകുന്ന മണ്ണൊലിപ്പിന്‍റെ കണക്കുകൾ ഹരിതവിപ്ലവത്തിന്‍റെ പിതാവ് സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടുന്നത് സിങ്കിന്‍റെയും മറ്റും അഭാവം മൂലം പോഷകം കുറഞ്ഞ മണ്ണില്‍ കൃഷി ചെയ്യുന്നതുമൂലം ഗുണമേന്മ കുറഞ്ഞ ഭക്ഷണമാണ് ലഭിക്കുക എന്നാണ്. മാത്രമല്ല, അത്തരം ഭക്ഷണം കഴിക്കുന്നത് ജനങ്ങളില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഒരു ഇഞ്ച് കനത്തില്‍ മേല്‍മണ്ണ് രൂപപ്പെടാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും. 80 ശതമാനം മണ്ണൊലിപ്പും വൃക്ഷത്തൈകളും മറ്റ് കാര്‍ഷിക സസ്യങ്ങളും നട്ടുകൊണ്ട് തടയാനാകും. ലോകത്താകമാനം ഇതുവരെ ഏകദേശം 33 ശതമാനം മണ്ണാണ് ഒലിച്ചുപോയിട്ടുള്ളത്. മണ്ണൊലിപ്പുമൂലം അണക്കെട്ടുകളിലെ റിസര്‍വോയറുകളുടെ സംഭരണശേഷി കുറയുകയും ജലത്തെ മലിനമാക്കി അതിന്‍റെ ഗുണമേന്മ നഷ്ടപ്പെടുത്തുകയും തടാകങ്ങളിലും മറ്റുമുള്ള ജീവികള്‍ക്ക് പ്രശ്നമുണ്ടാക്കുകയും മനുഷ്യനും മറ്റ് ജന്തുക്കള്‍ക്കും ജലക്ഷാമം സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ റോഡുകള്‍, പൊതുഗതാഗതം എന്നിവയ്ക്ക് പ്രശ്നം ഉണ്ടാക്കുകയും വിളവുകളുടെ ഉല്‍പാദനം കുറയ്ക്കുകയും ഭക്ഷ്യക്ഷാമം മൂലമുള്ള പലായനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.
ക്ഷാമം മൂലമുള്ള ആളുകളുടെ പലായനം ആഫ്രിക്കയില്‍ പതിവാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തരപ്രദേശ്, ഛത്തീസ്ഗഢ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലും ഇത് പ്രകടമാകുന്നുണ്ട്. ഇന്ത്യപോലെ കാര്‍ഷിക പ്രധാനമായ ഒരു രാജ്യത്തില്‍ മണ്ണൊലിപ്പ് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നു. മണ്ണൊലിപ്പ് തടയാനും ജീവജാലങ്ങളെ സംരക്ഷിക്കാനും സാധാരണക്കാര്‍, കര്‍ഷകര്‍, സര്‍ക്കാരുകള്‍, കൃഷി വിദഗ്ധര്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. മാത്രമല്ല, ഒരു വ്യക്തമായ കര്‍മപദ്ധതി ഫലപ്രദമായി നടപ്പാക്കുകയും വേണം. ജൈവകൃഷിരീതി, കോണ്ടൂര്‍ നിര്‍മിതി, രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കല്‍, ഇടവിട്ട് വിളവ് മാറ്റിയിള്ള കൃഷിരീതി, വ്യത്യസ്ത കൃഷി എന്നിവയെല്ലാം മണ്ണൊലിപ്പ് തടയാന്‍ സഹായകമാണ്. പുല്ലുവളര്‍ത്തല്‍, പ്രധാനകൃഷിക്കിടയില്‍ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യല്‍ എന്നിവയും ഫലപ്രദമാണ്. ഏറ്റവും പ്രധാനം സര്‍ക്കാരുകള്‍ പ്രശ്നത്തില്‍ ശ്രദ്ധ കേന്ദ്രീകരികുകയും കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതുതന്നെയാണ്.