ഭൂമിയും ആവാസ വ്യവസ്ഥയും നമുക്ക് ജീവിതവും നിലനില്‍പ്പും നല്‍കുന്നു എന്ന് നമ്മളോരോരുത്തരെയും ഓര്‍മിപ്പിക്കുന്നതിനു വേണ്ടിയാണ് അന്താരാഷ്ട്ര ഭൗമ ദിനം ആചരിക്കുന്നത്.1992-ലെ റിയോ പ്രഖ്യാപനം ആഹ്വാനം ചെയ്‌തത് പോലെ പ്രകൃതിയുമായും ഭൂമിയുമായും സൗഹാര്‍ദത്തോടെ കഴിയുന്നത് പ്രോത്സാഹിപ്പിക്കുകയും, മാനവരാശിയുടെ നിലവിലെയും ഭാവിയിലേയും സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക ആവശ്യങ്ങള്‍ക്കു വേണ്ടി സന്തുലനാവസ്ഥ നേടിയെടുക്കേണ്ടതും അത്യാവശ്യമാണ്.ഇതിന് കൂട്ടായ ശ്രമം അനിവാര്യമാണ്.ഈ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയുന്നതിനും കൂടിയാണ് ഈ ദിനം.
അന്താരാഷ്ട്ര ഭൗമ ദിനമായി ഐക്യരാഷ്ട്ര പൊതു സഭ നിശ്ചയിച്ചിരിക്കുന്നത് ഏപ്രില്‍ 22 ആണ്. ഈ വര്‍ഷം ഭൗമദിനത്തിന്‍റെ അമ്പതാം വാര്‍ഷികമായി ആഘോഷിക്കപ്പെടുന്നു. ഈ ഗ്രഹത്തിലെ ഏറ്റവും വലിയ പൊതു സംഭവമായി ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു ഭൗമ ദിനം. ശുദ്ധമായ വായു, ശുദ്ധമായ ജലം, വംശനാശം വരുന്ന ജീവി വര്‍ഗങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായി ഉള്ള നിയമങ്ങള്‍ അടക്കം നിരവധി ചരിത്രം കുറിച്ച പാരിസ്ഥിതിക നിയമ നിര്‍മാണങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട് അമേരിക്കന്‍ ഐക്യനാടുകളില്‍ ഈ ദിനം. നിരവധി മറ്റ് രാജ്യങ്ങളും അത്തരം നിയമങ്ങള്‍ പിന്നീട് കൊണ്ടു വന്നു. 2016-ല്‍ ഐക്യരാഷ്ട്ര സഭ പാരീസ് കാലാവസ്ഥാ കരാര്‍ ഒപ്പ് വെക്കുന്നതിനായി ഭൗമ ദിനമാണ് തെരഞ്ഞെടുത്തത്.
ഭൗമ ദിനം 2020ന്‍റെ വിഷയം: കാലാവസ്ഥാ നടപടി
കാലാവസ്ഥാ വ്യതിയാനം മാനവരാശിയുടെ ഭാവിക്കു നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയായി പ്രതിനിധീകരിക്കപ്പെടുന്നു. അതുപോലെ തന്നെ ഈ ലോകത്തെ വാസ യോഗ്യമാക്കുന്ന, ജീവന് പിന്തുണ നല്‍കുന്ന സംവിധാനങ്ങളും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നാണ്. ഓരോ രാജ്യവും നടപടികളുമായി മുന്നോട്ട് വന്നില്ലെങ്കില്‍, ആ നടപടികള്‍ അടിയന്തരമായും അഭിലാഷപൂര്‍ണമായും നടപ്പാക്കിയില്ലെങ്കില്‍, നിലവിലേയും വരും തലമുറകള്‍ക്കും ഒരു അപകടകരമായ ഭാവിയായിരിക്കും നമ്മള്‍ ഒരുക്കി വെക്കാന്‍ പോകുന്നത്.
ചരിത്രം
പ്രതിസന്ധിയിലായ ഒരു പരിസ്ഥിതിയോടുള്ള കൂട്ടായ പ്രതികരണമാണ് ഭൗമ ദിനം. എണ്ണ ചോര്‍ച്ചകള്‍, പുക മഞ്ഞ്, അക്ഷരാര്‍ത്ഥത്തില്‍ തീ പിടിക്കും വിധം മലിനമാക്കപ്പെട്ട നദികള്‍ എന്നിവയൊക്കെയാണ് പരിസ്ഥിതിയെ പ്രതിസന്ധിയിലാക്കുന്നത്. 1970 ഏപ്രില്‍-22ന് അമേരിക്കന്‍ ജനതയുടെ 10 ശതമാനം വരുന്ന രണ്ടു കോടി പേർ തെരുവിലേക്കിറങ്ങി. കോളജ് കാമ്പസുകളും നൂറു കണക്കിന് നഗരങ്ങളും പാരിസ്ഥിതിക അവഗണനകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനും നമ്മുടെ ഗ്രഹത്തിന് നിലനില്‍ക്കുവാന്‍ പുതിയ ഒരു വഴി ആവശ്യപ്പെട്ടും രംഗത്തെത്തി. ആധുനിക പാരിസ്ഥിതിക പ്രസ്ഥാനമായി കണക്കാക്കപ്പെടുന്ന ഈ ദിവസമാണ് ആദ്യ ഭൗമ ദിനമായി രേഖപ്പെടുത്തിയത്. ഇന്നിപ്പോള്‍ അത് ലോകത്തെ ഏറ്റവും വലിയ പൊതു ചടങ്ങായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. എ/ആര്‍ ഇ എസ്/63/278 എന്ന പ്രമേയ പ്രകാരം ഐക്യരാഷ്ട്ര പൊതു സഭ 2009ലാണ് അന്താരാഷ്ട്ര ഭൗമ ദിനം സ്ഥാപിക്കുന്നത്. ബൊളീവിയ എന്ന ബഹുദേശീയ രാഷ്ട്രമാണ് ഈ പ്രമേയം കൊണ്ടു വന്നത്. 50 ലധികം അംഗരാജ്യങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്‌തു.
2019-20ല്‍ ലോക വ്യാപകമായി പ്രശ്‌നങ്ങള്‍
ഭൂമി വ്യക്തമായും ഒരു നടപടി നമ്മളോട് ആഹ്വാനം ചെയ്‌തു കൊണ്ടിരിക്കുന്നു. അത്രക്ക് ദുര്‍ഗതിയിലായിരിക്കുന്നു പ്രകൃതി. ഓസ്‌ട്രേലിയയിലെ കാട്ടു തീ, റെക്കോര്‍ഡ് സൃഷ്ടിക്കുന്ന താപനില, കെനിയയിലെ ഭീകരമായ വെട്ടു കിളി കടന്നാക്രമണം എന്നിവയൊക്കെ ഭൂമിയെ പ്രശ്‌ന കേന്ദ്രമാക്കി. ഇന്നിപ്പോള്‍ നമ്മുടെ ആവാസ വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യ മഹാമാരിയായ കൊവിഡ് 19നെ നേരിടുന്നു. കാലാവസ്ഥാ വ്യതിയാനം, മനുഷ്യ നിര്‍മിതമായ പ്രകൃതിയിലെ മാറ്റങ്ങള്‍, അതുപോലെ നമ്മുടെ ജൈവ വൈവിധ്യത്തെ തകരാറിലാക്കുന്ന കുറ്റകൃത്യങ്ങള്‍, വന നശീകരണം, ഭൂ വിനിയോഗത്തിലെ മാറ്റങ്ങള്‍, അതിതീവ്ര കാര്‍ഷിക വൃത്തിയും കന്നുകാലി ഉല്‍പ്പാദനവും അല്ലെങ്കില്‍ വളര്‍ന്നു വരുന്ന അനധികൃത കാട്ടു തീ വ്യാപനം തുടങ്ങിയവയൊക്കെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് അണുബാധകള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പടരും വിധം മൃഗങ്ങളുമായുള്ള മനുഷ്യ ബന്ധം വര്‍ദ്ധിക്കുകയും ഇന്നിപ്പോള്‍ കൊവിഡ് 19ല്‍ അത് എത്തി നില്‍ക്കുകയും ചെയ്യുന്നു.
ഓരോ നാലു മാസങ്ങളിലും മനുഷ്യരിൽ ഉണ്ടായികൊണ്ടിരിക്കുന്ന ഒരു പുതിയ അണുബാധ രോഗത്തില്‍ 75 ശതമാനവും മൃഗങ്ങളില്‍ നിന്നും പകരുന്നതാണെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു.ഇത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അടുത്ത ബന്ധങ്ങളേയും പാരിസ്ഥിതിക ആരോഗ്യത്തേയും കാട്ടി തരുന്നു. മെച്ചപ്പെടുന്ന വായു നിലവാരത്തിലൂടെയായാലും അല്ലെങ്കില്‍ കുറഞ്ഞു വരുന്ന ഹരിത ഗൃഹ വാതക പുറത്തു വിടലിലൂടെ ആയാലും കാണാവുന്നതും നല്ലതുമായ പ്രതിഫലനങ്ങള്‍ എല്ലാം താല്‍ക്കാലികം മാത്രമാകുന്നു. കാരണം അവയെല്ലാം ദുരന്ത ജനകമായ സാമ്പത്തിക മാന്ദ്യത്തിന്‍റെയും മാനുഷിക ബുദ്ധിമുട്ടുകളുടേയും പശ്ചാത്തലത്തിലാണ് വരുന്നത്. ഈ അന്താരാഷ്ട്ര ഭൗമ ദിനത്തില്‍ ജനങ്ങള്‍ക്കും ഈ ഗ്രഹത്തിനും ഒരുപോലെ പ്രാവര്‍ത്തികമാവുന്ന കൂടുതല്‍ സുസ്ഥിരമായ സമ്പദ് വ്യവസ്ഥയിലേക്ക് നമുക്ക് മാറേണ്ടതുണ്ട്. 'ഭൂമിയും അതിന്‍റെ ആവാസ വ്യവസ്ഥകളുമാണ് നമ്മുടെ വീട്'', 'പ്രകൃതി- ഭൂമി സൗഹാര്‍ദം പ്രോത്സാഹിപ്പിക്കുക അനിവാര്യമാണ്'' എന്നും ഈ ദിനം വ്യക്തമാക്കുന്നു.
നിര്‍ണായകമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍
* കാലാവസ്ഥാ വ്യതിയാനം
* നശിച്ചു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം
* വന നശീകരണം
* ഭൂ വിനിയോഗ മാറ്റം
* കന്നുകാലി ഉല്‍പ്പാദനം അല്ലെങ്കില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന അനധികൃത കാട്ടു തീ വ്യാപാരം
കാലാവസ്ഥാ വ്യതിയാനം
ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യു.എം.ഒ) റിപ്പോര്‍ട്ട് പ്രകാരം വര്‍ദ്ധിച്ചു വരുന്ന ഭൂ, സമുദ്ര താപം, , മഞ്ഞുരുകല്‍ എന്നിവയൊക്കെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ നമുക്ക് മുന്നിലെ ഭൗതികമായ സൂചനകള്‍. അതോടൊപ്പം അത് സാമൂഹിക സാമ്പത്തിക വികസനത്തിനു മേലും, മനുഷ്യന്‍റെ ആരോഗ്യത്തിനു മേലും, കുടിയേറ്റവും സ്ഥാന ഭ്രംശം, ഭക്ഷ്യ സുരക്ഷ, ഭൂ, സമുദ്ര ആവാസ വ്യവസ്ഥകള്‍ എന്നിവക്കു മേലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും അതിന്‍റെ സൂചനകള്‍ തന്നെ.
പാരീസ് കരാര്‍ ആഹ്വാനം ചെയ്യുന്ന ലക്ഷ്യങ്ങളായ 1.5 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് കൈവരിക്കുന്ന കാര്യത്തില്‍ നിലവില്‍ ലോകം അടുത്തെങ്ങും എത്തിയിട്ടില്ല. 2015-ല്‍ അന്താരാഷ്ട്ര സമൂഹം ആഗോള ശരാശരി താപനില വ്യാവസായിക യുഗത്തിലെ തോതുകള്‍ക്ക് രണ്ട് ഡിഗ്രി സെല്‍ഷ്യസ് താഴെ നിര്‍ത്തണമെന്ന് തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ് പാരീസ് കരാര്‍ ഇങ്ങനെ ഒരു ലക്ഷ്യം മുന്നില്‍ വെച്ചത്.
ഓസ്‌ട്രേലിയയിലെ കാട്ടു തീകള്‍ ആഗോള തലത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വര്‍ദ്ധന കുത്തനെ ഉയര്‍ത്തി. ഓസ്‌ട്രേലിയയിലെ 2018-19 വേനല്‍ക്കാലമായിരുന്നു ഏറ്റവും ചൂട് കൂടിയതായി കണക്കാക്കപ്പെട്ടത്. അന്ന് ഡിസംബര്‍-18-ന് 41.9 ഡിഗ്രി സെന്‍റീഗ്രേഡായാണ് ചൂട് ഉയര്‍ന്നത്. ഓസ്‌ട്രേലിയയിലെ ഇതുവരെ രേഖപ്പെടുത്തപെട്ട ഏറ്റവും ചൂടേറിയ ഏഴ് ദിനങ്ങളും, ഏറ്റവും ചുടേറിയ 10 ദിനങ്ങളില്‍ 9 ദിനങ്ങളും 2019-ലാണ് രേഖപ്പെടുത്തിയത്.