കൊവിഡ് വാക്സിൻ എല്ലാവർക്കും ലഭ്യമാക്കാൻ ലോകം ഇന്ത്യയെ ആശ്രയിക്കുന്നു: ജയ്‌ശങ്കർ - External Affairs Minister
നേപ്പാൾ ഭൂകമ്പം, യെമൻ ആഭ്യന്തര യുദ്ധം, മൊസാംബിക്ക് ചുഴലിക്കാറ്റ്, ശ്രീലങ്കയിലെ മണ്ണിടിച്ചിൽ എന്നിവയുടെ സമയത്ത് ഇന്ത്യ ആദ്യമെത്തുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ന്യൂഡൽഹി: കൊവിഡ് വാക്സിൻ എല്ലാവർക്കും ലഭ്യമാക്കുന്നതിനും എല്ലാവർക്കും വാങ്ങാന്‍ കഴിയുന്നതുമാക്കാന്‍ ലോകം ഇന്ത്യയെ ആശ്രയിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ. ഡെക്കാൻ ഡയലോഗിന്‍റെ മൂന്നാം പതിപ്പിൽ 'പ്രതിസന്ധിയും സഹകരണവും: പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ അത്യന്താപേക്ഷിതം' എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് മുക്തരാകാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിൽക്കണമെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമീപ പ്രദേശങ്ങളിലേക്ക് ദുരന്ത നിവാരണത്തിനും മറ്റും ഇന്ത്യ ആദ്യമെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേപ്പാൾ ഭൂകമ്പം, യെമൻ ആഭ്യന്തര യുദ്ധം, മൊസാംബിക്ക് ചുഴലിക്കാറ്റ്, ശ്രീലങ്കയിലെ മണ്ണിടിച്ചിൽ എന്നിവ ഇതിനുദാഹരണങ്ങളാണെന്നും മന്ത്രി സൂചിപ്പിച്ചു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്ടിഎഫ്) കൂടുതൽ പ്രധാനപ്പെട്ട ഫോറമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.