ന്യൂഡല്‍ഹി:ദേശീയപൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി. എന്‍ഡിഎ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കെതിരല്ലെന്നും, ആരോടും പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെടില്ലെന്നും കേന്ദ്രമന്ത്രി ഇടിവി ഭാരതിനോട് പറഞ്ഞു. അതേസമയം ബില്ലിനെക്കുറിച്ച് തെറ്റായ വസ്‌തുതകള്‍ പ്രചരിപ്പിച്ച് കോണ്‍ഗ്രസ് ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വടക്ക് കിഴക്കന്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയാണെന്നും ഗഡ്‌കരി കൂട്ടിച്ചേര്‍ത്തു.
ദേശീയ പൗരത്വ ഭേദഗതി ബില്‍
ആളുകളെ ഭയപ്പെടുത്തി രാഷ്‌ട്രീയം കളിക്കുന്നത് കോണ്‍ഗ്രസ് സ്ഥിരമായി ചെയ്യുന്നതാണ്. എന്നാല്‍ ആരും പേടിക്കേണ്ട കാര്യമില്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആളുകളും, മുസ്ലീമുകളും ആശങ്കപ്പെടേണ്ടതില്ല- ഗഡ്‌കരി പറഞ്ഞു.
ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അല്ലാതെ ആരുടെയും അവകാശങ്ങളെ ഇല്ലാതാക്കാനല്ല. രാജ്യത്തിന്‍റെ വളര്‍ച്ചയും, രാഷ്‌ട്രീയവും രണ്ടായി കാണണണം, കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
സ്വന്തമായി രാജ്യമില്ലാതെ അലയുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മുസ്ലീങ്ങളോട് ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല, അവരോട് പാകിസ്ഥാന്‍ പോകാനും ഞങ്ങള്‍ പറയുന്നില്ല. അതിനാല്‍ തന്നെ ആരു ഭയപ്പെടേണ്ടതില്ല നിതിന്‍ ഗഡ്‌കരി പറഞ്ഞു.
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്
സംസ്ഥാന ഭരണം ബിജെപി നിലനിര്‍ത്തുമെന്ന് ഗഡ്‌കരി ഉറപ്പിച്ച് പറഞ്ഞു. ജാതിയും, മതവും, നോക്കിയല്ല തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍ ബിജെപി വിശ്വസിക്കുന്നില്ലെന്നും, മുഖ്യമന്ത്രി രഘുബാര്‍ ദാസ് സംസ്ഥാനത്ത് മികച്ച ഭരണമാണ് കാഴ്‌ച വച്ചതെന്നും ഗഡ്‌കരി കൂട്ടിച്ചേര്‍ത്തു.
ജാര്‍ഖണ്ഡിന്‍റെ വളര്‍ച്ചയ്‌ക്ക് കാരണം ബിജെപിയാണ്. ബീഹാറില്‍ നിന്ന് വേര്‍പ്പെട്ട് സ്വതന്ത്രമായ ഒരു സംസ്ഥാനമായി മാറുമ്പോള്‍ ജാര്‍ഖണ്ഡിലെ അവസ്ഥ പരിതാപകരമായിരുന്നു. ഇന്ന് ബീഹാറിനേക്കാള്‍ വികസിതമായ സംസ്ഥാനമായി ജാര്‍ഖണ്ഡ് മാറിയെന്നും അദ്ദേഹം ഗഡ്‌കരി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വ്യക്‌തമായ ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഗഡ്‌കരി പറഞ്ഞു.