ലക്‌നൗ: ശൈത്യകാല അവധിക്ക് ശേഷം ക്ലാസുകള്‍ പുന:രാരംഭിച്ചതോടെ അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. ക്യാമ്പസിനുള്ളില്‍ അക്രമം അഴിച്ചുവിട്ട പൊലീസിനെതിരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറും രജിസ്ട്രാര്‍ അബ്ദുള്‍ ഹമീദും രാജിവെക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
ക്ലാസുകള്‍ പുന:രാരംഭിച്ചു; അലിഗഢില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തം
ക്യാമ്പസിനുള്ളിലെ പൊലീസ് അക്രമത്തില്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ വൈസ് ചാന്‍സലറും രജിസ്ട്രാറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചു
സര്‍വകലാശാലക്ക് കീഴിലെ വനിത കോളജ് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ആസാദി മുദ്രവാക്യങ്ങളുമായി ക്യാമ്പസില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ പെണ്‍കുട്ടികള്‍ വിസി ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനമൊഴിയും വരെ സമരം തുടരുമെന്ന് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 15 ന് ക്യാമ്പസിലുണ്ടായ പൊലീസ് അതിക്രമത്തില്‍ നിന്ന് വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതില്‍ സര്‍വകലാശാല അധികൃതര്‍ പരാജയപ്പെട്ടെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്‍റെ ബഹുസ്വരതക്കും തുല്യതയെന്ന തത്വത്തിനും വിരുദ്ധമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളും റദ്ദാക്കണം. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ തുടങ്ങിയവ ദരിദ്രര്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭീഷണിയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.