റാഞ്ചി:ജാർഖണ്ഡിലെ ജംതാര ജില്ലയിൽ 25 വയസുകാരിയായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. എട്ട് മാസം പ്രായമായ ഇവരുടെ മകനോടൊപ്പമാണ് യുവതി ആത്മഹത്യ ചെയ്തത്. വിശാഖി മർമു, ഇവരുടെ മകൻ വിഷ്ണു എന്നിവരാണ് മരിച്ചത്. നള പൊലീസ് സ്റ്റേഷൻ പരിധിയിലെ സൂര്യപാനി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.
തന്‍റെ കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അറിഞ്ഞ യുവതി കഴിഞ്ഞ മൂന്ന് മാസമായി വിഷാദത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി നള സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മനോജ് കുമാർ ഝാ പറഞ്ഞു.
ഭർത്താവ് രഞ്ജിത് ടുഡു ജോലി സ്ഥലത്ത് താമസിക്കുന്നതിനാൽ വിശാഖി മർമു മകനൊപ്പം മാതാപിതാക്കളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. രാത്രിയിൽ മറ്റുള്ളവർ ഉറങ്ങിക്കിടക്കുമ്പോൾ മകനോടൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി വീടിന് സമീപത്ത് വെച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് വിശാഖിയുടെ മാതാപിതാക്കൾ പറഞ്ഞു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മകന്‍റെ ചികിത്സക്കും മറ്റ് ആവശ്യങ്ങൾക്കുമായി യുവതിയുടെ ഭർത്താവ് സ്ഥിരമായി പണം നൽകിയിരുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.