ദിസ്‌പൂര്‍:അസമിലെ ഹൈലകണ്ഡി ജില്ലയിൽ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 32കാരി ആത്മഹത്യ ചെയ്‌തു. യുവതിയും കുടുംബവും ബെംഗളൂരുവില്‍ നിന്ന് മടങ്ങിയെത്തിയതിനെ തുടര്‍ന്ന് ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. ശുചിമുറിയിലെ ജനാലയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അസമില്‍ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ യുവതി ആത്മഹത്യ ചെയ്‌തു - അസം
യുവതിയും ഭർത്താവും എട്ടുവയസുള്ള മകനും ജൂൺ 28ന് വിമാനത്തിലാണ് ബെംഗളൂരുവില്‍ നിന്ന് അസമില്‍ എത്തിയത്.
യുവതിയും ഭർത്താവും എട്ടുവയസുള്ള മകനും ജൂൺ 28ന് വിമാനത്തിലാണ് ബെംഗളൂരുവില്‍ നിന്ന് അസമില്‍ എത്തിയത്. ഇവരുടെ സാമ്പിളുകൾ ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ പരിശോധനക്ക് അയച്ചിരുന്നു. ഭര്‍ത്താവിന്‍റെയും മകന്‍റെയും പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളാല്‍ യുവതിയുടെ കൊവിഡ് പരിശോധനാഫലം ലഭിക്കാൻ വൈകി. ഇതേതുടര്‍ന്നുള്ള മാനസിക സമ്മര്‍ദമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭര്‍ത്താവ് സംശയം പ്രകടിപ്പിച്ചു. മരണ ശേഷം യുവതിയുടെ സാമ്പിൾ റാപ്പിഡ് ആന്‍റിജൻ ടെസ്റ്റിന് വിധേയമാക്കി. ഇത് നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം സംശയം നിലനില്‍ക്കുന്നതിനാല്‍ സാമ്പിൾ ആർടി-പിസിആർ പരിശോധനയ്ക്കായി സിൽചാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.