കേരളം

kerala

ETV Bharat / bharat

ലഡാക്കിലെ ആറ് മാസത്തെ ശൈത്യകാലം; മഞ്ഞിനോടും ശത്രുവിനോടും പൊരുതി അതിര്‍ത്തി കാക്കുന്നവര്‍ - kashmir

2016ലെ സർജിക്കൽ സ്‌ട്രൈക്കിന് നേതൃത്വം നൽകിയ മിലിറ്ററി ഉദ്യോഗസ്ഥന്‍, നോർത്തേൺ കമാൻഡ് മുൻ ചീഫ് കൂടിയാണ് ലേഖകൻ ലഫ്റ്റനന്‍റ് ജനറൽ ഡി എസ് ഹൂഡ

ലഡാക്‌  കിഴക്കൻ ലഡാക്  കരസേന  സൈനികർ  ladak  kashmir  winter in ladakh
ലഡാക്കിലെ ആറ് മാസത്തെ ശൈത്യകാലം

By

Published : Aug 29, 2020, 1:35 PM IST

കിഴക്കൻ ലഡാക്കിലെ 100 ദിവസത്തിലേറെ നീണ്ട സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്ക് ശേഷം, സ്ഥിതിഗതികൾ പുനസ്ഥാപിക്കണമെന്ന ഇന്ത്യൻ ആവശ്യത്തിന് ചൈനീസ് സൈന്യം ചെവി കൊടുക്കുന്നില്ല എന്നു വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. യഥാർഥ നിയന്ത്രണ രേഖയിൽ (എൽ‌എസി) പ്രശ്‌നങ്ങള്‍ നേരിടാൻ രാജ്യത്തെ സായുധ സേന തയാറാണെന്നും, കഠിനമായ ശൈത്യ കാലത്ത് പോലും സേന സന്നദ്ധമായിരിക്കുമെന്നും പാർലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയെ അറിയിച്ചപ്പോൾ പ്രതിരോധ ഉദ്യോഗസ്ഥ മേധാവിയുടെ പ്രസ്‌താവനയിൽ ഈ യാഥാർഥ്യം പ്രതിഫലിച്ചു.

ലഡാക്കിലെ ശൈത്യകാലത്തെക്കുറിച്ചുള്ള പരാമർശം ഓക്‌സിജന്‍റെ അളവ് തീരെ കുറവുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ മരവിപ്പിക്കുന്ന തണുപ്പുമായി പോരാടുന്ന സൈനികരെ കുറിച്ച് ഓര്‍മിപ്പിക്കുന്നു. ജല സ്രോതസ്സുകള്‍ എല്ലാം തണുത്ത് ഉറഞ്ഞു പോകുമ്പോള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലുമുള്ള ജലം കണ്ടെത്താന്‍ പ്രയാസമാണ്. ഓരോ ശൈത്യകാലത്തും അഞ്ച് മുതൽ ആറ് മാസം വരെ റോഹ്താംഗ്, സോജി ലാ വഴികളില്‍ പൂർണമായും മഞ്ഞു വീഴുന്നത് കൊണ്ട് ലഡാക് പലപ്പോഴും രാജ്യവുമായി വിച്ഛേദിക്കപ്പെടും. ശൈത്യകാലം സൈനികർക്ക് അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് എന്ന് സംശയമില്ല. എന്നാൽ സൈനിക ആസൂത്രകരുടെ യഥാർഥ വെല്ലുവിളി "റോഡ് അടച്ച" സമയങ്ങളില്‍ ലഡാക്കിലെ സൈനികർക്ക് ആവശ്യമായതെല്ലാം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്.

ഓരോ വർഷവും സൈന്യം ഏറ്റെടുക്കുന്ന ഏറ്റവും വലിയ ലോജിസ്റ്റിക് അഭ്യാസമാണ് ‘അഡ്വാൻസ് വിന്‍റർ സ്റ്റോക്കിങ്’ (എ‌ഡബ്ല്യു‌എസ്) എന്നറിയപ്പെടുന്നത്. ലഡാക്ക് റോഡുകൾ വിച്ഛേദിക്കപ്പെടുന്ന ആറുമാസ കാലയളവിൽ സൈനികർക്ക് ആവശ്യമായ എല്ലാ വസ്‌തുക്കളുടെയും സംഭരണവും ഗതാഗതവും ഇതിൽ ഉൾപ്പെടുന്നു. തയ്യാറെടുപ്പുകൾ മാസങ്ങൾക്കുമുമ്പ് തന്നെ ആരംഭിക്കുന്നു. ടൂത്ത് ബ്രഷ് മുതൽ വസ്ത്രം, ടിൻ ചെയ്‌ത ഭക്ഷണം, റേഷൻ, ഇന്ധനം, മരുന്നുകൾ, വെടിമരുന്ന്, സിമന്‍റ്, ഷെൽട്ടറുകൾ തുടങ്ങി എല്ലാ ചരക്കുകളും എത്തിക്കാനായി ആസൂത്രകര്‍ വിശദമായ കണക്കുകൂട്ടലുകൾ നടത്തുന്നു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥര്‍ മഞ്ഞു വീണ റോഡുകള്‍ വെട്ടി വഴി ഒരുക്കുമ്പോഴേക്കും, പത്താൻ‌കോട്ടിലെയും ജമ്മുവിലെയും ഡിപ്പോകളിലേക്ക് ചരക്കുകള്‍ എത്തി തുടങ്ങും. റോഡ് തുറന്നതായി പ്രഖ്യാപിച്ചയുടൻ (മെയ് മാസത്തോടെ), സ്റ്റോറുകൾ നിറച്ച ആദ്യത്തെ വാഹന സംഘം ലഡാക്കിലേക്ക് പുറപ്പെടും.

ലേയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് സോജി ലാ വഴി ഏകദേശം പത്ത് ദിവസവും റോഹ്താംഗ് വഴി 14 ദിവസവും എടുക്കും. ഡ്രൈവർമാർക്ക് രാത്രി വിശ്രമിക്കാൻ കഴിയുന്ന രണ്ട് റൂട്ടുകളിൽ ട്രാൻസിറ്റ് ക്യാമ്പുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. രണ്ടാഴ്‌ചത്തെ ഈ യാത്രയിൽ, ഓരോ രാത്രിയും ഡ്രൈവർമാര്‍ മാറി മാറി വണ്ടിയോടിക്കുന്നു. ഒരു വഴിക്കുള്ള യാത്ര പൂർത്തിയാക്കിയ ശേഷം മറ്റൊരു യാത്ര ആരംഭിക്കുന്നതിന് മുമ്പ് രണ്ട് ദിവസത്തെ വിശ്രമം ലഭിക്കും. അടുത്ത ആറുമാസത്തേക്ക് ഇത് ഡ്രൈവര്‍മാര്‍ക്ക് പതിവു ശൈലിയായി മാറും. ബുദ്ധിമുട്ടുള്ള പർവതനിരകളിലൂടെ ഒരു സീസണിൽ പതിനായിരം കിലോമീറ്ററോളം അവര്‍ ട്രക്ക് ഓടിക്കുന്നു. വാടകയ്‌ക്കെടുത്ത സിവിൽ ട്രക്കുകളും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ ഇന്ധന ടാങ്കറുകളും സൈനിക ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്നു.

ലഡാക്കിലേക്ക് സ്റ്റോറുകളുടെ വരവോടെ ചരക്ക് ഗതാഗത വെല്ലുവിളികൾ അവസാനിക്കുന്നില്ല. ഈ ചരക്കുകള്‍ മുന്‍ നിര പോര്‍ മുഖങ്ങളിലേക്ക് എത്തിക്കുകയെന്നത് കൂടുതൽ‌ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാർഗിൽ മേഖലയിലെയും സിയാച്ചിനിലെയും നിയന്ത്രണ രേഖയിലുള്ള മിക്ക പോസ്റ്റുകളും ഗതാഗത യോഗ്യമായ റോഡുകളുമായി ബന്ധിപ്പിച്ചിട്ടില്ല. വലിയ ചരക്കുകള്‍ ചെറിയ പാക്കേജുകളായി വിഭജിച്ച്, ഇന്ധനം 20 ലിറ്റർ ജെറിക്കാനുകളായി വിഭജിച്ച് പോസ്റ്റുകളിലേക്ക് കൊണ്ടുപോകണം. ഈ ചരക്കുകള്‍ അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആയിരക്കണക്കിന് സിവിലിയൻ പോർട്ടർമാരുടെയും കുതിരകളുടെയും സേവനം ഉപയോഗിക്കുന്നു. ഈ സിവിലിയൻ പോർട്ടർമാര്‍ ആണ് നമ്മുടെ സൈനികരുടെ ജീവനാഡി എന്ന് പറയുന്നത് അതിശയോക്തിപരമല്ല. കോവർ കഴുതകളും, സിവിലിയൻ പോർട്ടർമാരും ലോകത്തിലെ ഏറ്റവും ദുർഘടമായ ചില പ്രദേശങ്ങളിൽ ഒരു സീസണിൽ 1000 കിലോമീറ്റർ നടക്കുന്നു.

ശൈത്യകാലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതിനാൽ സൈനികർക്ക് ആവാസ വ്യവസ്ഥകൾ നിർമിക്കുന്നതിനും വേനൽക്കാലം ഉപയോഗിക്കുന്നു. ലഡാക്കിലേക്ക് അധിക സൈനികരെ നിയമിച്ചിരിക്കുന്നതിനാല്‍ ഈ സീസണിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഇത്. പൂജ്യത്തിന് താഴെയെത്തുന്ന താപനിലയിൽ നിന്ന് രക്ഷനേടാൻ കഴിയുന്ന പ്രീ ഫാബ്രിക്കേറ്റഡ് ഷെൽട്ടറുകൾ റെക്കോർഡ് സമയത്ത് സംഭരിക്കുകയും, അതാതു സ്ഥലങ്ങളില്‍ എത്തിക്കുകയും, നിർമിക്കുകയും ചെയ്യേണ്ടതുണ്ട്. ചരക്കുകള്‍ മാത്രമല്ല, രണ്ടു ലക്ഷത്തോളം സൈനികരുടെയും നീക്കം ഈ വേളയില്‍ ഉണ്ടാകും. വിമാനത്തിൽ യാത്ര ചെയ്യുന്ന സൈനികരെ പരിപാലിക്കുന്നതിനായി ഡൽഹിയിലും ചണ്ഡിഗഡിലും ട്രാൻസിറ്റ് ക്യാമ്പുകൾ സജീവമാക്കിയിട്ടുണ്ട്. ഇതിൽ ഇന്ത്യൻ വ്യോമസേനയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്.

എല്ലാ പ്രഭാതത്തിലും, അവശ്യ വസ്‌തുകളും അവധിയിൽ പ്രവേശിക്കുന്ന സൈനികരെയും വഹിച്ചുകൊണ്ടുള്ള ചരക്ക് വിമാനങ്ങൾ ലഡാക്കില്‍ നിന്ന് മടങ്ങുന്നു. ലേ എയർഫീൽഡിൽ നിന്നും സിയാച്ചിൻ ബേസ് ക്യാമ്പിൽ നിന്നും, എംഐ-17, ധ്രുവ്, ചീറ്റ ഹെലികോപ്റ്ററുകൾ സിയാച്ചിൻ മേഖലയിലെ ഏറ്റവും വിദൂരവും, ദുര്‍ഘടവുമായ പോസ്റ്റുകളിലേക്ക് ആവശ്യ വസ്‌തുക്കള്‍ വഹിച്ചു കൊണ്ട് പറക്കുന്നു. വ്യോമസേനയുടെ ഗതാഗത പിന്തുണ വർഷം മുഴുവനും തുടരുന്നു. ശൈത്യകാലത്ത് ലഡാക്കിനെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണിയാണ് ഇത്. എ‌ഡബ്ല്യു‌എസ് നവംബറോടെ മാത്രമേ പൂർ‌ത്തിയാകുകയുള്ളൂ. ഈ ശൈത്യകാലത്ത് ആയിരക്കണക്കിന് അധിക സൈനികർ ലഡാക്കില്‍ തുടരാൻ ഒരുങ്ങുമ്പോൾ, നോർത്തേൺ കമാൻഡിലെയും ലേയിലെയും ലോജിസ്റ്റിക് ഓഫീസർമാർ ഒരു പുതിയ വെല്ലുവിളിയാണ് ഏറ്റെടുക്കുന്നത്.

ABOUT THE AUTHOR

...view details