കേരളം

kerala

ETV Bharat / bharat

അഭിനന്ദൻ ഇന്ന് തിരിച്ചെത്തും - പാകിസ്ഥാന്‍

ശത്രുരാജ്യത്തിന്‍റെ പിടിയിലകപ്പെട്ടപ്പോഴും അഭിനന്ദന്‍ പ്രകടിപ്പിച്ച ധീരതയും രാജ്യസ്നേഹവും പാക് മാധ്യമങ്ങള്‍ വരെ പുകഴ്ത്തിയിരുന്നു. വാഗാ ആതിര്‍ത്തി വഴിയാകും അഭിനന്ദന്‍റെ മടക്കം.

അഭിനന്ദന്‍ വര്‍ധമാന്‍

By

Published : Mar 1, 2019, 8:35 AM IST

130 കോടി ഇന്ത്യാക്കാരും കാത്തിരിക്കുകയാണ് അഭിനന്ദന്‍ വര്‍ധമാന്‍ എന്ന ആകാശപ്പോരാളിയെ. ശത്രുരാജ്യത്തിന്‍റെ പിടിയിലകപ്പെട്ടപ്പോഴും പതറാതെ നിന്ന, അസാമാന്യമായ ധൈര്യവും രാജ്യസ്നേഹവും പ്രദര്‍ശിപ്പിച്ച് ഇന്ത്യന്‍ സ്വാഭിമാനം അകാശത്തോളമുയര്‍ത്തിയ തങ്ങളുടെ വൈമാനികനെ.

വാഗാ അതിർത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. അഭിനന്ദനെ സ്വീകരിക്കാനായി കുടുംബം വാഗയില്‍ എത്തിയിട്ടുണ്ട്. മുപ്പത് മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചത്. റാവൽപിണ്ടിയിൽ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിർത്തിയിലും എത്തിച്ച ശേഷം അഭിനന്ദനെ ഇന്ത്യക്ക് കൈമാറും.

നേരത്തെ അന്താരാഷ്ട്ര ചട്ടങ്ങൾ പ്രകാരം വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘർഷാവസ്ഥക്ക് അയവുണ്ടാകും എന്ന് വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ കൈമാറാം എന്നായിരുന്നു പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന. ഒരുപാധിയും അംഗീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. ചൈനീസ് വിദേശകാര്യമന്ത്രിയും സൗദി വിദേശകാര്യമന്ത്രിയും പാകിസ്ഥാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. അമേരിക്കയുടെ സമ്മർദ്ദവും പാകിസ്ഥാന് മേൽ ഉണ്ടായിരുന്നു. ഒപ്പം ഇന്ത്യ നിലപാട് കർശനമാക്കുന്നു എന്ന സൂചനയും പുറത്തു വന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാൻ ഖാൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിംഗ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാതെ ചർച്ച വേണ്ട എന്നതായിരുന്നു നിലപാട്. ഇതെല്ലാം പാകിസ്ഥാനെ പെട്ടെന്ന് നിലപാടെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.

അതിര്‍ത്തി കടന്നുള്ള പാക് വ്യോമാക്രമണം ചെറുക്കുന്നതിനിടെയാണ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്‍ പാകിസ്ഥാന്‍റെ പിടിയിലായത്. പാകിസ്ഥാന്‍റെ എഫ് 16 വിമാനങ്ങളെ തുരത്തുന്നതിനിടെയായിരുന്നു അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 തകര്‍ന്നത്. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ചോദ്യം ചെയ്യലുകളോട് അഭിനന്ദന്‍ പ്രതികരിച്ച രീതിയെ പാക് മാധ്യമങ്ങള്‍ പോലും പുകഴ്ത്തിയിരുന്നു.

ABOUT THE AUTHOR

...view details