പട്‌ന: തന്‍റെ ജില്ലയായ ബുക്‌സാറിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ മാത്രമെ രാഷ്‌ട്രിയത്തിലേക്ക് കടക്കുകയുള്ളുവെന്ന് ബിഹാർ മുൻ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ. ബെഗുസാരായി, സീതാമർഹി, ഷാപ്പൂർ തുടങ്ങി നിരവധി ജില്ലകളിൽ നിന്ന് ആളുകൾ തന്നെ കാണാൻ വരുന്നുണ്ടെന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ ജില്ലയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടതായി പാണ്ഡെ വിശധീകരിച്ചു.
രാഷ്ട്രീയത്തിൽ കുടുംബാംഗങ്ങളില്ലാത്തതിനാൽ രാഷ്ട്രീയ നേതാക്കളിൽ നിന്നുള്ള വിമർശനം അനിവാര്യമാണ്. തന്‍റെ കുടുംബത്തിന് കൃഷിയും കന്നുകാലികളെ വളർത്തുന്നതുമായിരുന്നു ജോലി. ചില ആളുകൾക്ക് ഇത് സ്വീകാര്യമല്ല, അതിനാലാണ് അവർ വിമർശിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ പ്രചരിച്ച ജനപ്രിയ മ്യൂസിക് വീഡിയോ 'റോബിൻഹുഡ് ബിഹാർ കീ'യോട് പ്രതികരിച്ച് പാണ്ഡെ പറഞ്ഞു, "ഒരു ആരാധകൻ എന്നോട് സ്നേഹം പ്രകടിപ്പിക്കുന്നതിനാണ് ഈ വീഡിയോ നിർമ്മിച്ചത്. എനിക്കതിൽ ഒന്നും ചെയ്യാൻ പറ്റില്ല, പക്ഷേ അവർക്കുള്ള കരുതലിൽ സന്തോഷമുണ്ട്."
സ്വയം വിരമിക്കാനുള്ള അപേക്ഷ ബിഹാർ സർക്കാർ ചൊവ്വാഴ്‌ച അംഗീകരിച്ചതിനെത്തുടർന്ന് പാണ്ഡെ ഡിജിപി സ്ഥാനമൊഴിഞ്ഞിരുന്നു. വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാണ്ഡെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ മുതൽ നവംബർ വരെയാണ് ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 29 ന് അവസാനിക്കും. കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് ബിഹാറിലെ വോട്ടെടുപ്പ് തീയതികളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ അവസാന തീരുമാനമെടുത്തിട്ടില്ല.