മന്‍ കി ബാത്ത് അവതരിപ്പിക്കുന്ന മോദി ജനങ്ങളെ കേൾക്കുന്നില്ല: ചന്ദ്രശേഖർ ആസാദ് - ചന്ദ്രശേഖർ ആസാദ്
പ്രധാനമന്ത്രിയെയും ഭരണഘടനയെയും ബഹുമാനിക്കാൻ തന്നോട് കോടതി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ പ്രധാനമന്ത്രി ജനങ്ങളുടെയും ശബ്‌ദം കേൾക്കണമെന്നും ആസാദ് കൂട്ടിച്ചേർത്തു

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. 'മൻ കി ബാത്ത്' അവതരിപ്പിക്കുന്ന പ്രധാനമന്ത്രിയ്ക്ക്ജനങ്ങളുടെ മനസ് കേൾക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 38 ദിവസമായി പ്രതിഷേധത്തിൽ ഇരിക്കുന്ന ഷഹീൻ ബാഗിലെ സ്ത്രീകളുടെ മനസ് എന്തുകൊണ്ടാണ് പ്രധാനമന്ത്രിയ്ക്ക് കേൾക്കാന്‍ കഴിയാത്തത്. ജനങ്ങളുടെ ലക്ഷ്യത്തെ ഒറ്റു കൊടുക്കില്ല. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയെ എതിർക്കാനുള്ള തന്‍റെ പോരാട്ടം തുടരും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വിജയിക്കാന്‍ രാജ്യത്തുടനീളം ഞങ്ങൾക്ക് ഒരു ലക്ഷം ഷഹീൻ ബാഗുകൾ ആവശ്യമാണ്. ഭീം ആർമിപ്രസ്ഥാനത്തിന്‍റെ താളം തെറ്റിക്കാൻ സർക്കാർ നിരന്തര ശ്രമം നടത്തിക്കൊണ്ടേയിരിക്കുന്നു. പ്രധാനമന്ത്രിയെയും ഭരണഘടനയെയും ബഹുമാനിക്കാൻ തന്നോട് കോടതി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ പ്രധാനമന്ത്രി ജനങ്ങളുടെയും ശബ്‌ദം കേൾക്കണമെന്നും ചന്ദ്രശേഖർആസാദ് കൂട്ടിച്ചേർത്തു. അതേസമയം ഭീം സൈന്യത്തിന്‍റെ പിന്തുണയോടെ പ്രക്ഷോഭം ശക്തമാകുമെന്ന് പ്രതിഷേധിച്ച സ്ത്രീകളിലൊരാളായ അഫ്രീൻ പറഞ്ഞു.