ന്യൂഡല്‍ഹി: രാജ്യത്തെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നല്‍കിയിട്ടില്ല. പൊതുവിപണിയില്‍ നിന്ന് കടമെടുക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. ഇക്കാര്യം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അനുസരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ശക്തമായ പ്രതികരണവുമായി രംഗത്തുവന്നിട്ടുള്ളത്. അഞ്ച് സുപ്രധാന കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിമാര്‍ നരേന്ദ്ര മോദിക്ക് വേണ്ടി നിങ്ങളുടെ ഭാവി പണയം വെക്കുന്നത് എന്നാണ് ജനങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യം. പൊതുവിപണിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ കടമെടുക്കുമ്പോള്‍ പ്രതിസന്ധിയിലാകുക സംസ്ഥാനങ്ങളാണ്. കേന്ദ്രം കടമെടുത്ത് പണം സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
അഞ്ച് കാര്യങ്ങളാണ് രാഹുല്‍ ഗാന്ധി തന്‍റെ ട്വീറ്റില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. ജിഎസ്ടി വരുമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു എന്നതാണ് ഇതില്‍ ആദ്യത്തേത്. ജിഎസ്ടി നിയമം വരുന്ന വേളയില്‍ നടന്ന ചര്‍ച്ചയിലെ ധാരണ അതായിരുന്നു. പക്ഷേ അത് കൃത്യമായി നടക്കുന്നില്ല. പ്രധാനമന്ത്രിയും കൊറോണയും സാമ്പത്തിക രംഗം തകര്‍ത്തു എന്നാണ് രാഹുല്‍ ഗാന്ധി പറയുന്ന രണ്ടാമത്തെ കാര്യം. രാജ്യത്തിന്‍റെ സാമ്പത്തിക രംഗം മോദി തകര്‍ക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പലവട്ടം പറഞ്ഞിരുന്നു. പിന്നീട് കൊറോണ കൂടി വന്നതോടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെയും രാഹുല്‍ എതിര്‍ത്തിരുന്നു. കോര്‍പറേറ്റുകള്‍ക്ക് 1.4 ലക്ഷംകോടി രൂപയുടെ നികുതിയിളവ് കേന്ദ്രം അനുവദിച്ചു എന്നും മോദി 8400 കോടി രൂപ ചിലവില്‍ രണ്ടു വിമാനങ്ങള്‍ വാങ്ങി എന്നുമാണ് രാഹുല്‍ ഗാന്ധി മൂന്നാമതായി ചൂണ്ടിക്കാട്ടുന്ന കാര്യം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകവെയാണ് ഇത്തരം നീക്കം കേന്ദ്രം നടത്തുന്നത് എന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസവും കുറ്റപ്പെടുത്തിയിരുന്നു.