മുംബൈ: മഹാരാഷ്ട്ര പൊലീസ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ അപമാനകരമായി പെരുമാറുന്നുവെന്ന് ഉന്നയിച്ചുകൊണ്ടുള്ള ഹർജി ബോംബെ ഹൈക്കോടതി തള്ളി. വിദ്യാസമ്പന്നരായ പൗരന്മാർ പോലും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നതിനെ ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. അവരവരുടെ സുരക്ഷക്കായി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാസമ്പന്നരായ നിയമലംഘകരോട് മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമലംഘകരോട് മാന്യമായി പെരുമാറണമെന്ന അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി - educated violators
പൊലീസ് നിർദേശിക്കുന്ന സുരക്ഷക്ക് വേണ്ടിയുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാഭ്യാസമുള്ളവരും മുതിർന്ന പൗരന്മാരും ഉൾപ്പെടുന്ന നിയമലംഘകരോട് മാന്യമായി പെരുമാറണമെന്ന അപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്
നിയമം ലംഘിക്കുന്ന വിദ്യാഭ്യാസമുള്ളവർക്കും മുതിർന്ന പൗരന്മാർക്കുമെതിരെ അപമാനിക്കുന്ന തരത്തിൽ പൊലീസ് ശിക്ഷാ രീതികൾ നടപ്പിലാക്കുന്നുവെന്നാണ് നാഗ്‌പൂർ നിവാസിയായ സന്ദീപ് നായർ നൽകിയ പരാതിയിൽ പറയുന്നത്. മാതൃകാപരമായി പൊലീസുകാർ തങ്ങളുടെ ചുമതലകൾ നടപ്പിലാക്കുമ്പോഴും ചില ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്യാതെ അപമാനിക്കുന്ന തരത്തിലാണ് പെരുമാറുന്നത്. നിയന്ത്രണങ്ങൾ പാലിക്കാത്തതിതാൽ ഞങ്ങൾ സമൂഹത്തിനും മനുഷ്യരാശിക്കും ശത്രുവാണെന്ന് വ്യക്തമാക്കുന്ന പ്ലക്കാർഡുകൾ കൈയിൽ പിടിക്കാനാവശ്യപ്പെടുന്നു. കൂടാതെ, പൊലീസുകാർ പ്രതിഷേധ സൂചകമായി റോസാപ്പൂക്കൾ കൈയിൽ പിടിച്ചുകൊണ്ട് സ്‌ത്രീകളും മുതിർന്ന പൗരന്മാരുൾപ്പടെയുള്ളവരോട് നിയന്ത്രണങ്ങൾ പാലിക്കാൻ അപേക്ഷിക്കുന്നു. ഇവരുടെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതായും പരാതിയിൽ പറയുന്നുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പൊലീസിന് അധികാരമുണ്ടെങ്കിലും, നിയമലംഘകരെ അപമാനിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ രവി ദേശ്‌പാണ്ഡെയുടെയും അമിത് ബോർക്കറുടെയും ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ഇത്തരത്തിൽ പൊലീസ് അപമാനകരമായുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും മാന്യരും അന്തസുള്ളവരുമാണെന്ന് അവകാശപ്പെടുന്ന, വിദ്യാഭ്യാസമുള്ള ആളുകൾ നിയമലംഘനം നടത്തുന്നതെന്തിനാണ് എന്ന് കോടതി ചോദിച്ചു. പൊലീസ് നിർദേശിക്കുന്ന സുരക്ഷയ്ക്ക് വേണ്ടിയുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത നിയമലംഘകരോട് മാന്യമായി പെരുമാറണമെന്ന് കോടതിക്ക് പറയാൻ സാധിക്കുമോ എന്നാണ് കോടതി പ്രതികരിച്ചത്. എങ്കിലും, നിയമലംഘകർക്ക് ഇത്തരം ശിക്ഷകൾ നൽകുന്നത് ഒഴിവാക്കാൻ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് ഉറപ്പ് നൽകി ഈ മാസം 19ന് നാഗ്പൂർ പൊലീസ് കമ്മിഷണർ സമർപ്പിച്ച സത്യവാങ്മൂലത്തെ കുറിച്ച് ഹൈക്കോടതി പരാമർശിച്ചു. മെയ് എട്ടിന് മറ്റൊരു ബെഞ്ച് വാദം കേട്ടപ്പോൾ, സംസ്ഥാനത്തെങ്ങും അസാധാരണമോ അപമാനകരമോ ആയ ശിക്ഷകൾ പൊലീസ് നടപ്പിലാക്കുന്നില്ല എന്ന് ഉറപ്പാക്കാൻ പൊലീസ് കമ്മിഷണറോട് കോടതി ആവശ്യപ്പെട്ടിരുന്നു.