കൊവിഡ് മഹാമാരി മൂലം സ്‌കൂളുകൾ അടച്ചു പൂട്ടിയത് കുട്ടികളുടെ വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർഥികൾക്ക് ലഭിക്കുന്ന സമീകൃതാഹാരത്തിനെയും സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌കൂള്‍ ഭക്ഷണ പരിപാടിയാണ് നിലവിൽ രാജ്യത്തുള്ള എം ഡി എം എന്നറിയപ്പെടുന്ന ഉച്ച ഭക്ഷണ പദ്ധതി. സർക്കാർ സ്‌കൂളിലുള്ള 11.59 കോടി വിദ്യാർഥികൾക്കും സമീകൃതാഹാരം നൽകുന്നതിനൊപ്പം വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനും പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. പദ്ധതിയിലൂടെ പോഷകാഹാരം യഥാര്‍ഥത്തില്‍ ലഭ്യമാക്കുന്ന വസ്‌തുത ഇനിയും അകലെയാണെന്ന് പുതിയ പഠനങ്ങൾ പറയുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ഫണ്ടുകളിൽ വരുന്ന തടസങ്ങളും പദ്ധതിയുടെ രൂപീകരിക്കുന്നതിലും വരുന്ന കാലതാമസമാണ് പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളി. കൊവിഡിന് മുമ്പും ഈ പ്രതിസന്ധി ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് സാഹചര്യത്തിൽ പദ്ധതി വീണ്ടും വെല്ലുവിളി നേരിടുകയാണ്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാത്ത പക്ഷം പദ്ധതി അവതാളത്തിലാകാനാണ് സാധ്യത.
പദ്ധതിയിലെ നിലവിലെ സാഹചര്യം
2020 മാര്‍ച്ച് മാസത്തിൽ തന്നെ പദ്ധതി നിർത്തലായതിന്‍റെ അപകടാവസ്ഥ സുപ്രീം കോടതി തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ കുട്ടികള്‍ അടക്കമുള്ള ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. വിദ്യാർഥികളിൽ വരാനിടയുള്ള പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുവാന്‍ വേണ്ടിയായിരുന്നു ഈ ഉത്തരവ്. “പാചകം ചെയ്‌ത ചൂടുള്ള ഉച്ചഭക്ഷണം'' കുട്ടികളുടെ വീടുകളിൽ തന്നെ ലഭ്യമാക്കുകയോ അല്ലെങ്കില്‍ “ഭക്ഷ്യ സുരക്ഷാ അലവന്‍സ്'' നല്‍കുകയോ ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്ക് താമസിയാതെ തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. വിവിധ സംസ്ഥാനങ്ങൾ വിവിധ രീതിയിലാണ് ഇത് നടപ്പിലാക്കിയത്.
ബിഹാറിലേത് പോലെ കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുമെന്ന് പല സംസ്ഥാനങ്ങളും പ്രഖ്യാപിച്ചു. രാജ്‌സ്ഥാനിലും തെലങ്കാനയിലും ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ഭക്ഷ്യധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, എണ്ണ തുടങ്ങിയ ഭക്ഷ്യ സുരക്ഷ അലവന്‍സുകള്‍ നേരിട്ട് എത്തിക്കുമെന്നും സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പാലും മുട്ടയും ഉൾപ്പെടുന്ന സമ്പൂര്‍ണ്ണ ഭക്ഷണമാണ് നല്‍കി വരുന്നത്.
സംസ്ഥാനങ്ങൾ നിരവധി നടപടികൾ സ്വീകരിച്ചിട്ടും വിദ്യാർഥികൾക്ക് ആവശ്യത്തിനുള്ള സമീകൃതാഹാരം ലഭിക്കുന്നില്ലെന്ന് പുതിയ പഠനങ്ങൾ പറയുന്നത്. ഒഡീഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്‌ഗഢ്, ഉത്തരപ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലായി മേയ്, ജൂണ്‍ മാസങ്ങളില്‍ ഓക്‌സ്‌ഫാം നടത്തിയ സർവെയിൽ മൂന്നിലൊന്ന് ശതമാനം വിദ്യാർഥികൾക്കും എംഡിഎം ലഭിക്കുന്നില്ല എന്ന് കണ്ടെത്തി.
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?
പദ്ധതി നേരിടുന്ന പ്രശ്‌നങ്ങൾ ആദ്യം മനസിലാക്കേണ്ടതുണ്ട്. ഈ പദ്ധതിയുടെ ഗുണഫലങ്ങള്‍ ആര്‍ക്കാണ് ലഭിക്കുന്നത് എന്നത് സംബന്ധിച്ച വസ്തുതകളും, ബജറ്റും ഫണ്ടു വരുന്ന വഴിയും വിശകലനം ചെയ്യുന്നതും ഉപയോഗപ്രദമാകും. എംഡിഎം ഒരു കേന്ദ്രസർക്കാർ പദ്ധതിയാണ്. സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരുകളും പദ്ധതിയിലേക്ക് ഫണ്ട് പങ്കിടുന്നുണ്ട്. പദ്ധതിയിലെ വിവിധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സര്‍ക്കാര്‍ 60 ശതമാനം ഫണ്ട് ലഭ്യമാക്കുന്നുണ്ട്. ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അനിവാര്യമായ പാചക ചെലവ്, പാചകക്കാരും സഹായികളുമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ഓണറേറിയം, അടുക്കളയും ഉപകരണങ്ങളും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയാണ് ഇത് അനുവദിക്കുന്നത്. അതോടൊപ്പം ഭക്ഷ്യധാന്യങ്ങളുടെ മൊത്തം ചെലവും കേന്ദ്രം വഹിക്കുന്നു.
2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 11000 കോടി രൂപയാണ് ഇതിനു വേണ്ടി നീക്കി വെച്ചത്. പിന്നീട് അത് 12600 കോടി രൂപയാക്കി വര്‍ധിപ്പിക്കുകയും ഉണ്ടായി. അധികമായി നല്‍കിയ 1600 കോടി രൂപ വേനല്‍ക്കാല മാസങ്ങളിലും ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനു വേണ്ടിയായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് ഈ ഫണ്ട് അനുവദിക്കുന്നത് ആവശ്യമായതിനേക്കാള്‍ വളരെ കുറവും വൈകിയുമായിരുന്നു. പാചക ചെലവിനാവശ്യമായ ഫണ്ട് (ദിവസങ്ങളുടെ എണ്ണത്തെ യൂണിറ്റ് ഒന്നിനു വരുന്ന പാചക ചെലവു കൊണ്ട് ഗുണിച്ചുള്ള കണക്ക്) ഞങ്ങള്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിൽ (2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) യഥാർഥത്തില്‍ കേന്ദ്രം നല്‍കിയ തുകയുമായി വളരെ അധികം കുറഞ്ഞ തോതിലാണ് നല്‍കിയിരിക്കുന്നു എന്നാണ് മനസിലാകുക.
ഉദാഹരണത്തിന് രാജസ്ഥാനില്‍ ആദ്യ പാദത്തിനാവശ്യമായ പാചക ചെലവ് 173 കോടി രൂപയാണെന്ന് കണക്കാക്കി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആകെ നല്‍കിയത് 90 കോടി രൂപ മാത്രമാണ്. അതുപോലെ ആന്ധ്രപ്രദേശിലും ഡല്‍ഹിയിലും ഉത്തർപ്രദേശിലും ആവശ്യമായ ഫണ്ടിന്‍റെ 60 ശതമാനത്തില്‍ താഴെ മാത്രമാണ് നല്‍കിയത്. വേനലക്കാല മാസങ്ങളിലേക്കുള്ള അധിക വകയിരുത്തല്‍ പോലും നല്‍കിയിട്ടില്ല. ഉദാഹരണത്തിന് ഉത്തരാഖണ്ഡില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച മൊത്തം എഫ്എസ്എയുടെ (12.54 കോടി രൂപ) 43 ശതമാനം മാത്രമാണ് (5.39 കോടി രൂപ) നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഇതിന്‍റെ തോത് യഥാക്രമം 73 ശതമാനവും 79 ശതമാനവും ആണ്. യഥാര്‍ത്ഥത്തില്‍ 2020 ഒക്‌ടോബര്‍ 29 വരെ വെറും 20 സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും മാത്രമാണ് വേനല്‍ അവധിക്കാലത്ത് എം ഡി എം നല്‍കുവാനുള്ള ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ടുകള്‍ ലഭിച്ച സംസ്ഥാനങ്ങള്‍ക്ക് വളരെ വൈകിയാണ് അവ ലഭിച്ചത്. അതായത് രണ്ടാം പാദത്തിന്‍റെ അവസാനഘട്ടത്തിലോ അല്ലെങ്കില്‍ മൂന്നാം പാദത്തിന്‍റെ തുടക്കത്തിലോ ആണ്. ഏത് സര്‍ക്കാര്‍ പദ്ധതിയും കൃത്യമായി നടക്കണമെങ്കില്‍ അതിനു ലഭിക്കേണ്ട ഫണ്ട് വളരെ നിര്‍ണായകമാണ്. എംഡിഎംന്‍റെ കാര്യത്തില്‍ ഇതാണ് തടസ്സമായിരിക്കുന്നത് എന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. കൊവിഡ് മഹാമാരിയെ പോലുള്ള അത്യധികം അനിവാര്യമായ ഒരു കാലഘട്ടത്തില്‍ പോലും സേവനങ്ങള്‍ നല്‍കുന്നത് വളരെ പതുക്കെയാണെന്നുള്ള കാര്യം ഇവിടെ വ്യക്തമാണ്.
ഫണ്ടിന്‍റെ ലഭ്യത പ്രശ്‌നത്തിന് പുറമെ ഈ പദ്ധതി എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തുന്ന കാര്യത്തിലും വീഴ്‌ച വരുത്തിയിട്ടുണ്ട്. പദ്ധതിയുടെ രൂപകല്‍പന പ്രകാരം എംഡിഎം സ്വീകരിക്കുന്ന കുട്ടികളുടെ കണക്ക് സംസ്ഥാന സര്‍ക്കാരുകളാണ് കേന്ദ്ര സര്‍ക്കാരിന് ലഭ്യമാക്കുന്നത്. മുന്‍ വര്‍ഷത്തെ പ്രവണത അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുക. ഈ കണക്കു കൂട്ടല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പുനരവലോകനം ചെയ്‌ത് അംഗീകരിക്കും. എന്നിട്ടും പല സംസ്ഥാനങ്ങളിലും എഫ്എസ്എ ലഭ്യമാക്കിയ കുട്ടികളുടെ എണ്ണം സംസ്ഥാനങ്ങള്‍ ലഭ്യമാക്കിയ കണക്കുകളേക്കാള്‍ വളരെ കുറവാണ്. വേനല്‍ക്കാല മാസങ്ങളില്‍ ലഭ്യമാക്കുന്ന എഫ്എസ്എയുടെ കാര്യത്തിലും ഈ പ്രവണത തന്നെ കാണുന്നുണ്ട്. യഥാര്‍ഥത്തില്‍ എഫ് എസ് എ ലഭ്യമാക്കിയ കുട്ടികള്‍ക്കും തുടക്കത്തില്‍ അംഗീകരിച്ച എണ്ണവും തമ്മിലുള്ള വ്യത്യാസം ബിഹാര്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, ഹരിയാന എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്.
മഹാമാരി മൂലം എംഡിഎംന്‍റെ ആവശ്യകത വര്‍ധിച്ചിരിക്കുന്നു എന്നുള്ള വസ്‌തുത കണക്കിലെടുക്കുമ്പോള്‍ ഈ കാലഘട്ടത്തില്‍ എംഡിഎം ഉപയോഗപ്പെടുത്തുന്ന കുട്ടികളുടെ എണ്ണം സംസ്ഥാന സര്‍ക്കാരുകള്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ കണക്കാക്കിയതിനേക്കാള്‍ കൂടുവാനേ കാരണമുള്ളൂ. ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടതിനാലും വരുമാനം കുറഞ്ഞതിനാലും ആവശ്യത്തിന് പോഷകാഹാരം കണ്ടെത്തുവാന്‍ ശരിക്കും വലയുകയാണ് മഹാമാരി കാലത്ത് കുടുംബങ്ങള്‍. അതുകൊണ്ടു തന്നെ ഈ വ്യത്യാസം തീര്‍ച്ചയായും ഈ കാലയളവില്‍ വളരെ വലുതാകാന്‍ മാത്രമേ ഇടയുള്ളൂ.
എന്നാല്‍ എത്ര പേര്‍ക്ക് ഇത് ലഭ്യമാകുന്നു എന്ന കണക്കുകള്‍ തയ്യാറാക്കുന്നതിന്‍റെ രീതിയെ സംബന്ധിച്ചും കണക്കുകളുടെ കൃത്യത സംബന്ധിച്ചുമുള്ള സംശയങ്ങള്‍ പുതിയ കാര്യമൊന്നുമല്ല. ഉദാഹരണത്തിന് 2018-19 കാലഘട്ടത്തില്‍ എംഡിഎം വെബ്‌സൈറ്റില്‍ ലഭ്യമായ കുട്ടികളുടെ എണ്ണം സംബന്ധിച്ച കണക്ക് യുണൈറ്റഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (യു ഡി ഐ എസ് ഇ) റിപ്പോര്‍ട്ട് ചെയ്ത കണക്കുകളേക്കാള്‍ കൂടുതലാണെന്ന് കാണുന്നു. വിദ്യാഭ്യാസ മന്ത്രാലയം ബജറ്റ് തയ്യാറാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഔദ്യോഗിക സ്‌കൂള്‍ ഡാറ്റബേസ് ആണിത്. ബിഹാറില്‍ 18 ലക്ഷത്തോളവും പശ്ചിമ ബംഗാളില്‍ 14 ലക്ഷത്തോളവുമാണ് വ്യത്യാസം കണ്ടു വരുന്നത്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ആസൂത്രണത്തിനു വേണ്ടി ഉപയോഗിക്കുന്ന ഡാറ്റബേസുകളിലാണ് ഈ വ്യത്യാസം കാണുന്നത്.
മഹാമാരി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ ഒരുപോലെ കനത്ത സാമ്പത്തിക ബാധ്യതകള്‍ വരുത്തി വെച്ചിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അതിനര്‍ഥം ഫണ്ടുകള്‍ വളരെ അധികം ഞെരുക്കത്തോടെ ആയിരിക്കും നിയന്ത്രിക്കപ്പെടുക എന്നു തന്നെ. പക്ഷെ നമ്മുടെ ആസൂത്രണ, ബജറ്റ് നിര്‍വഹണ, ഫണ്ട് അനുവദിക്കല്‍ സംവിധാനങ്ങള്‍ ഒരുപോലെ കരുത്തുറ്റതാക്കുന്നതിന് ഇത് വളരെ അധികം നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ പരാജയം സംഭവിച്ചാല്‍ സുപ്രീം കോടതി ഇപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതു പോലെ ഒരു പോഷകാഹാര പ്രതിസന്ധി തന്നെയാണ് സംഭവിക്കുക എന്ന് ഇവിടെ ഊന്നി പറയേണ്ടി വരും.