ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രണത്തിന്‍റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ആക്രമണത്തില്‍ ജീവന്‍ നഷ്‌ടമായ 40 സിആര്‍പിഎഫ് ജവാന്മാരെ അനുസ്‌മരിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് ചോദ്യങ്ങളുമായി മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രസര്‍ക്കാരിന് നേരെ രാഹുലിന്‍റെ ചോദ്യങ്ങള്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്, ആക്രമണത്തിന്‍റെ അന്വേഷണ ഫലം എന്തായി, ആക്രമണത്തിന് അനുവദിച്ചു കൊണ്ട് സുരക്ഷാ വീഴ്‌ച വരുത്തിയ ബിജെപി സര്‍ക്കാരില്‍ ആരാണ് അതിന് ഉത്തരവാദി എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.
പുല്‍വാമ ഭീകരാക്രമണം; ആര്‍ക്കാണ് പ്രയോജനം കിട്ടിയതെന്ന് രാഹുല്‍ ഗാന്ധി
ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് ചോദ്യങ്ങളുമായി മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തി
ജമ്മു കശ്‌മീരിലെ പുൽവാമയിൽ കഴിഞ്ഞ ഫെബ്രുവരി 14നാണ് സിആർപിഎഫ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തിയത്. ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. നേതാക്കൾ ആക്രമണത്തില്‍ അപലപിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കുകയും ചെയ്‌തിരുന്നു. പ്രത്യാക്രമണമെന്ന നിലയില്‍ ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്‍റെ ക്യാമ്പില്‍ വ്യോമാക്രമണം നടത്തിയിരുന്നു.