ന്യുഡൽഹി: പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ നേതാക്കൾക്കെതിരെ നടപടി എടുക്കാത്ത ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ആം ആദ്മി നേതാവ് സഞ്ജയ് സിങ് രംഗത്ത്. "വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയ്‌ക്കെതിരെ എന്തുകൊണ്ടാണ് ഡിസിപി നടപടിയെടുക്കാത്തതെന്ന് ഹൈക്കോടതി ജഡ്ജി ചോദിച്ചിരുന്നു. എന്നാല്‍ ആ ജഡ്ജിയെ തന്നെ സ്ഥാനത്തുനിന്നും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. കപിൽ മിശ്ര, പർവേഷ് വർമ, അനുരാഗ് താക്കൂർ എന്നിവരെ കോടതി വിമർശിച്ചിരുന്നു, ഇനി എപ്പോഴാണ് അവർക്കെതിരെ ബിജെപി നടപടിയെടുക്കുക"- സഞ്ജയ് സിങ് ചോദിച്ചു. ബി.ജെ.പി എംപി ഗൗതം ഗംഭീർ പോലും മിശ്രയ്‌ക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ നിരവധി ബിജെപി സഖ്യകക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പാർട്ടി അത് നിരസിക്കുകയാണെന്നും സഞ്ജയ് സിങ് പറഞ്ഞു.
ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയില്ല; വിമർശനവുമായി ആം ആദ്‌മി - ഡല്‍ഹി സംഘര്‍ഷം
ബി.ജെ.പി എംപി ഗൗതം ഗംഭീർ പോലും കപില്‍ മിശ്രയ്‌ക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ബിജെപി അത് നിരസിക്കുകയാണെന്നും ആം ആദ്മി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
അതേസമയം കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട താഹിർ ഹുസൈനെ പിന്തുണയ്‌ക്കാനോ തള്ളാനോ സഞ്ജയ് സിങ് തയാറായില്ല. കോടതിയില്‍ സത്യം പുറത്തുവരുമെന്ന് സഞ്‌ജയ് സിങ് പറഞ്ഞു. ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് താഹിർ ഹുസൈന്‍റെ പ്രാഥമിക അംഗത്വം ആം ആദ്മി പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ശർമയുടെ പിതാവ് രവീന്ദർ കുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.