ന്യൂഡല്‍ഹി: വാട്സ് ആപ്പ് ഇന്ത്യക്കാരുടെ വിവരം ചോർത്തിയതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന് പങ്കുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് സര്‍ക്കാര്‍. വാട്സ്ആപ്പ് അധികൃതര്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ കേന്ദ്ര സര്‍ക്കാരുമായി കൂടികാഴ്‌ച നടത്തിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിരവധി ഇന്ത്യക്കാരുടെ വിവരങ്ങള്‍ വാട്സ് ആപ്പിലൂടെ ചോര്‍ന്നതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കൂടികാഴ്‌ചയുടെ വിവരം വാര്‍ത്തയായത്. അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണയോടെയാണ് ചോര്‍ത്തല്‍ നടന്നതെന്നാണ് ആരോപണം.
എന്നാല്‍ അന്ന് നടന്ന കൂടിക്കാഴ്‌ചയില്‍ സാങ്കേതിക വശങ്ങള്‍ മാത്രമാണ് ചര്‍ച്ചയായതെന്നും, ഇന്ത്യയിലെ വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിൽ ഇടപെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്‌തമാക്കി. വാട്‌സാപ്പ് മുഖേന വിവരം ചോര്‍ത്തിയ ഇസ്രയേല്‍ ചാരഗ്രൂപ്പ് പെഗാസസിനെക്കുറിച്ച് യാതൊരു ചര്‍ച്ചയും കൂടിക്കാഴ്‌ചയിലുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.