ഏപ്രിൽ-ജൂൺ മാസം വരെയുള്ള ഇന്ത്യയുടെ ജിഡിപി വളർച്ച 7 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5 ശതമാനമായി കുറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതിനെ തുടർന്ന് പണപ്പെരുപ്പം ഓഗസ്റ്റിൽ 10 മാസത്തെ ഏറ്റവും വലിയ നിരക്കിലേക്ക് ഉയർന്നു. 2019 മെയ് മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.1 ശതമാനമായിരുന്നു.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ പോലെ കാർഷിക ദുരിതം, വർധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളായി തുടർന്നു. തൽഫലമായി അച്ചേ ദിൻ പൂർണമായി നിറവേറ്റാൻ നിലവിലുള്ള സർക്കാരുകളുടെ കഴിവില്ലായ്മയെക്കുറിച്ച് ഒരു വിഭാഗം വോട്ടർമാരിൽ ഭരണ വിരുദ്ധ വികാരം ഉയർന്നു. ഇത്തരം യഥാർത്ഥ പ്രശ്‌നങ്ങളിൽ വോട്ടർമാരുടെ രോഷം ശമിപ്പിക്കാന്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എൻസിപി ക്യാമ്പിൽ നിന്ന് പുറത്തായവരെക്കുറിച്ചും ഹരിയാനയിലെ ബിജെപി വിരുദ്ധ പാർട്ടികൾക്കിടയിലെ അനൈക്യത്തെക്കുറിച്ചും ഭരണകക്ഷിയായ ബിജെപി വൻതോതിൽ പ്രചാരണം നടത്തി. ആർട്ടിക്കിൾ 370 അസാധുവാക്കലിനും (മുസ്‌ലിം) നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താൻ ലക്ഷ്യമിടുന്ന എൻആർസിക്കും ബിജെപി കൂടുതൽ ഊന്നൽ നൽകി. വോട്ടിങിന് ഒരു ദിവസം മുമ്പ് ഒക്ടോബർ 20 ന് ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖയിൽ പാകിസ്താൻ നടത്തിയ വെടിവയ്പ്പിനെ ശക്തമായി തിരിച്ചടിച്ചത്, വോട്ടർമാർക്കിടയിലെ ദേശീയ സുരക്ഷാ ആശങ്കകളെ ഉണർത്തി.
ബിജെപി പ്രയോഗിച്ച തന്ത്രം ഫലിച്ചു എന്ന് വേണം കരുതാൻ. പക്ഷേ പൂർണ്ണമായില്ല എന്നതാണ് വാസ്തവം. ബിജെപി ശിവസേന സഖ്യം 161 സീറ്റുകൾ നേടിയെങ്കിലും 2014 നവംബറിലെ തെരഞ്ഞെടുപ്പിൽ ലഭിച്ച 122 സീറ്റുകളിൽ നിന്ന് എണ്ണം 105 ആയി കുറഞ്ഞു. ഹരിയാനയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഉയർന്നുവന്നിട്ടുണ്ടെങ്കിലും മാന്ത്രിക സംഖ്യയിൽ ഇളക്കം തട്ടി. 2014ലെ 47ൽ നിന്ന് ഇപ്പോൾ 40 ആയി കുറഞ്ഞു. അന്തിമഫലങ്ങൾ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ദേശീയ സുരക്ഷ ഉയർത്തുന്നതിലും സാമുദായികമായി ധ്രുവീകരിക്കുന്ന പ്രശ്നങ്ങളിലും ജാഗ്രത പാലിക്കാൻ ബിജെപിയെ പ്രേരിപ്പിക്കുമെന്ന് ഉറപ്പാണ്. വരുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടി ചിഹ്നം നൽകുന്നതിലും ബിജെപി കൂടുതൽ ജാഗ്രത പാലിക്കും. ഏതാനും ആഴ്ചകൾക്കുള്ളിൽ ജാർഖണ്ഡ് തെരഞ്ഞെടുപ്പിലും 2020 ഫെബ്രുവരിയിൽ ദില്ലി വോട്ടെടുപ്പിലും ബിജെപി മികച്ച തന്ത്രങ്ങൾ മെനയുമെന്നതിൽ ഇനി സംശയമില്ല. മഹാരാഷ്ട്രയിൽ ബിജെപി വിരുദ്ധ പാർട്ടികൾ പരാജയപ്പെട്ടെങ്കിലും പൂർണ്ണമായും പിൻതള്ളപ്പെട്ടിട്ടില്ല. അഞ്ച് മാസം മുമ്പ് നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് മഹാരാഷ്ട്രയിൽ 51.3 ശതമാനവും ഹരിയാനയിൽ 58.3 ശതമാനവും വോട്ടുകൾ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലോ ഹരിയാനയിലോ അടുത്ത സർക്കാർ രൂപീകരിക്കാൻ കഴിയില്ലെങ്കിലും ഐക്യ പോരാട്ടം നടത്തിയാൽ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാർട്ടികള്‍ക്ക് ബിജെപിയെ മറികടക്കാനാകുമെന്ന് അവരുടെ പ്രകടനം സൂചിപ്പിക്കുന്നു.
ഹരിയാനയിലെ കോൺഗ്രസിന്‍റെ ശ്രദ്ധേയമായ പ്രകടനം ഗ്രാൻഡ് ഓൾഡ് പാർട്ടി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സ്വാധീനിക്കുന്നു എന്ന് തന്നെയാണ്. ജാട്ട് ജാതിയുടെ മാത്രം നേതാവായി മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയെ ബിജെപി മുദ്രകുത്തിയപ്പോൾ കോൺഗ്രസ് അവിടെ 31 സീറ്റുകൾ നേടി. കോൺഗ്രസ് കുടുംബം ആദ്യമായി പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും ഹരിയാനയിൽ കോൺഗ്രസിന്‍റെ പ്രകടനം മികച്ചു നിന്നു. പാർട്ടി മുൻ പ്രസിഡന്‍റ് രാഹുൽ ഗാന്ധി ഹരിയാനയിൽ രണ്ട് റാലികൾ മാത്രമാണ് അഭിസംബോധന ചെയ്തത്. അതുപോലെ മഹാരാഷ്ട്രയിൽ അഞ്ച് റാലികളില്‍ മാത്രമാണ് രാഹുൽ പങ്കെടുത്തത്. പാർട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധി മഹാരാഷ്ട്രയെ മൊത്തത്തിൽ ഒഴിവാക്കി. ജനുവരി 23 ന് ദേശീയ ജനറൽ സെക്രട്ടറിയായ ശേഷം പ്രിയങ്ക ഗാന്ധി 2019ലെ പൊതുതെരഞ്ഞെടുപ്പിൽ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. എന്നാൽ ഈ രണ്ട് സംസ്ഥാനങ്ങളിൽ അവർ പ്രചരണം നടത്തിയില്ല.