കേരളം

kerala

ETV Bharat / bharat

ചുവപ്പുമാഞ്ഞ ബംഗാൾ; മമതയെ മറിച്ചിട്ട് താമര വിരിയുമോ?

അക്രമ പരമ്പര തുടർക്കഥയാകുന്ന ബംഗാളിൽ മമത ബാനർജി സർക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുമോ 2021 വരെ കാത്തിരുന്ന് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉള്‍പ്പടെ ഉറ്റു നോക്കുന്നത്

മമതയെ മറിച്ചിട്ട് താമര വിരിയുമോ

By

Published : Jun 11, 2019, 2:21 AM IST

കൊല്‍ക്കൊത്ത: 35 വർഷം സിപിഎം ഭരിച്ച പശ്ചിമ ബംഗാൾ. സിപിഎമ്മിനെ ബംഗാളിന്‍റെ മണ്ണില്‍ നിന്ന് അപ്രസക്തമാക്കിയ തൃണമൂല്‍ കോൺഗ്രസ്. അതിന്‍റെ അമരത്ത് മമതാ ബാനർജി എന്ന പഴയ കോൺഗ്രസ് നേതാവ്. ബംഗാൾ ഇപ്പോൾ പഴയ ചുവന്ന ബംഗാളല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണമായും തുടച്ചു നീക്കിയ മമത ബാനർജി ബംഗാളിനെ തൃണമൂലിന്‍റെ കൊടിയില്‍ കെട്ടി. അവിടേക്കാണ് നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവത്തില്‍ ബിജെപി കടന്നുകയറിയത്. ചെങ്കൊടിക്ക് പകരം ഉയർന്നത് താമര. പിന്നെ ബംഗാൾ കണ്ടത് അക്രമ പരമ്പര. ബിജെപിയും തൃണമൂലും തെരുവില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടെ അൻപതോളം പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇരു പാർട്ടികളും ആരോപണ പ്രത്യാരോപണങ്ങൾ നടത്തി.
തോക്കും മറ്റ് മാരകായുധങ്ങളും കൊല്‍ക്കൊത്തയെ സംഘർഷ ഭൂമിയാക്കി. സംഘർഷങ്ങളെ അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന കേന്ദ്ര സർക്കാർ പ്രസ്താവന കൂടി വന്നതോടെ സ്ഥിതി ഗതികൾ കൂടുതല്‍ ഗൗരവതരമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി റിപ്പോർട്ട് നല്‍കിയിട്ടുണ്ടെങ്കിലും അമിത് ഷായെ നേരിട്ട് കാണാൻ ബംഗാൾ ഗവർണർ ഡല്‍ഹിയില്‍ എത്തുക കൂടി ചെയ്യുന്നതോടെ ബംഗാളിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ കേന്ദ്ര സർക്കാർ കൂടുതല്‍ ഇടപെടല്‍ നടത്തുകയാണ്. മമതാ ബാനർജി സർക്കാരിനെ പിരിച്ചുവിടണം എന്ന ആവശ്യം ബിജെപി ദേശീയ തലത്തില്‍ ശക്തമാക്കിയിട്ടുണ്ട്.
പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഈ ആവശ്യം ബിജെപി ഉന്നയിച്ചിരുന്നതാണ് എന്നാല്‍ തെരഞ്ഞെടുപ്പിലെ വൻ വിജയം ബിജെപിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. തൃണമൂല്‍ എംഎല്‍എമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂടുമാറുമെന്ന് കൊല്‍ക്കൊത്തയില്‍ പ്രസംഗിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അമിത് ഷായുടെ റാലിക്ക് അനുമതി നിഷേധിച്ചും ബിജെപി നേതാക്കളുടെ ഹെലിക്കോപ്റ്ററുകൾക്ക് ബംഗാളില്‍ അനുമതി നിഷേധിച്ചും മമത തനി സ്വഭാവം കാണിച്ചതോടെ ബിജെപിയും രാഷ്ട്രീയ ആക്രമണം ശക്തമാക്കി. 2021 വരെ ബംഗാൾ ഭരിക്കാൻ കാലാവധിയുള്ള മമതയെ ഏത് വിധേനെയും പുറത്താക്കാൻ തന്നെയാണ് ബിജെപി നീക്കം.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളില്‍ 18ലും വിജയിച്ച ബിജെപി ബംഗാളില്‍ ലക്ഷ്യമിടുന്നത് സംസ്ഥാന ഭരണമാണ്. 294 അംഗ നിയമസഭയില്‍ 250 സീറ്റിലും ജയിക്കുമെന്നാണ് ബിജെപി നേതാവ് കൈലാഷ് വർജിയ പറയുന്നത്. 2014ല്‍ രണ്ട് ലോക്സഭയില്‍ സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി 2019ല്‍ നടത്തിയ വൻ മുന്നേറ്റമാണ് അവർക്ക് നല്‍കുന്ന പ്രതീക്ഷ. മമത ബാനർജി സർക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുമോ 2021 വരെ കാത്തിരുന്ന് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമോ എന്ന് മാത്രമാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ശ്രദ്ധിക്കുന്നത്.

ABOUT THE AUTHOR

...view details