കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ഇടതുപക്ഷവും സംയുക്തമായി പരിപാടികൾ സംഘടിപ്പിക്കുന്നു. നവംബർ 23 മുതലാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിപാടികൾ സംഘടിപ്പിക്കുന്നത്. കോൺഗ്രസ്-ഇടതു സഖ്യ യോഗത്തിന് ശേഷമാണ് തീരുമാനം.
ബംഗാളില്‍ സംയുക്‌ത പ്രചാരണ പരിപാടികളുമായി കോൺഗ്രസ് - ഇടത് സഖ്യം - നിയമസഭാ തെരഞ്ഞെടുപ്പ്
നവംബർ 23 മുതലാണ് കോൺഗ്രസും ഇടതുപാർട്ടികളും സംയുക്ത പരിപാടികൾ ആരംഭിക്കുന്നത്
സംസ്ഥാനത്ത് കോൺഗ്രസ്-ഇടതുപക്ഷ സഖ്യത്തിന് ജനസമ്മതി വർധിപ്പിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ചയായി. തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും പകരമായി കോൺഗ്രസ്-ഇടതുപക്ഷ സഖ്യത്തിന് സാധിക്കുമെന്നും ഇത് ജനങ്ങളിലെത്തിക്കേണ്ട ആവശ്യകതയുണ്ടെന്നും യോഗം വിലയിരുത്തി. കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും മുൻകൂട്ടി പ്രഖ്യാപിച്ച എല്ലാ പരിപാടികളും അതിന് മുമ്പായി നടത്തണമെന്ന് ഏകകണ്ഠമായി യോഗം തീരുമാനിച്ചു.
ഇരു പാർട്ടികളുടെയും പ്രവർത്തകർ മാനസികമായി തയ്യാറെടുത്തെന്നും സഖ്യത്തെ ബംഗാളിലെ ജനങ്ങൾക്കും അംഗീകരിക്കാൻ കഴിയുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും കോൺഗ്രസ് പറഞ്ഞു.