ചെന്നൈ:വരനും വധവും ബന്ധുക്കളും റെഡി. ഇനി മാല ചാര്‍ത്തിയാല്‍ മാത്രം മതി. പക്ഷേ പെട്ടെന്നാണ് കല്യാണ മണ്ഡപത്തില്‍ നാടകീയ രംഗങ്ങൾക്ക് തുടക്കമായത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ മട്ടക്കണ്ടിയിലെ കല്യാണ മണ്ഡപം അപ്രതീക്ഷിത സംഭവങ്ങൾക്ക് സാക്ഷിയാകുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് വിവാഹം സംഘടിപ്പിച്ചത്. തുടക്കത്തില്‍ എല്ലാം കൃത്യമായി നടന്നു. കൊട്ടും മേളവും തുടങ്ങി. വധുവിനെ അണിയിക്കാനായി വരൻ വിവാഹ മാല എടുത്തു.
സോറി നിങ്ങളല്ല, ശരിക്കുള്ള വരൻ ഒരു മണിക്കൂറില്‍ വരും: കാത്തിരിക്കണമെന്ന് കല്യാണപ്പെണ്ണ് - nilgiri news
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ മട്ടക്കണ്ടിയിലെ കല്യാണ മണ്ഡപം അപ്രതീക്ഷിത സംഭവങ്ങൾക്ക് സാക്ഷിയായി.
പെട്ടെന്നാണ് കല്യാണപ്പെണ്ണ് നിലപാട് മാറ്റിയത്. " എന്നെ മാല അണിയിക്കരുത്. ഒരു മണിക്കൂർ കാത്തിരിക്കണം. എന്‍റെ കാമുകൻ ഇപ്പോള്‍ വരും. അതുവരെ കാത്തിരിക്കണം ". വധുവിന്‍റെ വാക്ക് കേട്ട് വരൻ അമ്പരന്നു. ഒപ്പം മാതാപിതാക്കളും ബന്ധുക്കളും. മാതാപിതാക്കള്‍ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ നിലപാടില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല. പകച്ചുപോയ വരനെ പെണ്‍കുട്ടി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതിനിടെ ബന്ധുവായ ഒരു സ്‌ത്രീ പെണ്‍കുട്ടിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
അധികം വൈകാതെ കാമുകൻ സ്ഥലത്തെത്തി. സ്വര്‍ണാഭരണങ്ങള്‍ എല്ലാം ഊരി വാങ്ങിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കാമുകനെ ഏല്‍പ്പിച്ചു. പിന്നാലെ പെണ്‍കുട്ടിയും കാമുകനും സ്ഥലം വിട്ടു. എല്ലാം മംഗളം. ശുഭം.