ലോകത്തെ ലിഖിത രൂപത്തിലുള്ള ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടേത്. അക്ഷരങ്ങൾ കൂട്ടിച്ചേർത്ത താളുകൾക്കപ്പുറം, നമ്മുടെ ഭരണഘടനക്കേറെ അർഥവ്യാപ്തിയുണ്ട്. ലോകത്തെ ഏഴു ശതമാനത്തോളം വരുന്ന ജനസഞ്ചയത്തിന്‍റെ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള നിർദേശക തത്വങ്ങൾ ഉൾപ്പെടുന്ന സമ്പൂർണ പ്രസ്താനവയാണത്.
ഒരു തരത്തിലുമുള്ള വിവേചനങ്ങൾ ഇല്ലാതെ എല്ലാവർക്കും തുല്യതയും സ്വാതന്ത്ര്യവും ഉറപ്പു നൽകുന്ന ഭരണഘടന, രാഷ്ട്രത്തിലെ പൗരൻമാർക്ക് ആത്മവിശ്വാസവും ഊർജവും സുരക്ഷിതത്വവും പകരുന്നു. മഹത്തായ ഒരു ലക്ഷ്യത്തിലേക്ക് മുന്നേറാൻ സമ്മളെ സ്വയം സമർപ്പിക്കുന്ന ശപഥം കൂടിയാണ് ഭരണഘടന എന്ന് 1946 ഡിസംബറിൽ ഭരണഘടനയെ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ചേർന്ന യോഗത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പറഞ്ഞു. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും അനുശാസിക്കുന്ന ഒരു ഭരണഘടന തയ്യാറാക്കുന്നതിനായി നിരവധി പ്രതിഭകൾ തങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ മുന്നോട്ടുവെച്ചു. വിദേശ ശക്തികളുടെ അടിമത്തത്തിന്‍റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം ശ്വസിച്ച ഇന്ത്യൻ ജനതയെ ചേർത്തു നിർത്തുന്ന നെടുംതൂണാകണം ഭരണഘടനയെന്ന് രാജ്യത്തെ വിദഗ്ധർ വിശ്വസിച്ചിരുന്നു.
ഭരണഘടന സൃഷ്ടിക്കപ്പെട്ടിട്ട് എഴുപതാണ്ട് പിന്നിടുന്ന ഈ ഘട്ടത്തിൽ അതിന് ഊടും പാവും നെയ്ത പ്രതിഭകളെ വിസ്മരിച്ചുകൂടാ. മറ്റു രാഷ്ട്രങ്ങളുടെ ഭരണഘടനയിൽ നിന്ന് മികച്ച സാരാംശങ്ങൾ ഉൾച്ചേർത്താണ് നമ്മുടെ ഭരണഘടന നിർമ്മിച്ചത്. ഫ്രഞ്ച് ഭരണഘടനയിൽ നിന്ന് സമത്വം, സാഹോദര്യം, സോവിയററ് യൂണിയനിൽ നിന്ന് പഞ്ചവൽസര പദ്ധതി, അയർലൻറിലെ പെരുമാറ്റ സംഹിതകൾ, ജപ്പാനിലെ നിർവഹണ രീതികൾ - ഇവയെല്ലാം ഉദാഹരണങ്ങളാണ്. ഭരണഘടനാശിൽപിയായ ഡോ.അംബാദ്ക്കറുടെ 125ആം ജന്മവാർഷികം 2015നായിരുന്നു. 2015 നവംബർ 19ന് വിജ്ഞാപനത്തിലൂടെ നവംബർ 26 ഭരണഘടനാ ദിനമായി നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ചു. ഭരണഘടനയുടെ എഴുപതാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം, സ്കൂളുകളിലുൾപ്പെടെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്താനും തീരുമാനിച്ചു.
പൗരനായാലും ഭരണാധികാരിയായാലും, ഒരു വ്യത്യാസവും കൂടാതെ എല്ലാവരും ഭരണഘടന അനുശാസിക്കുന്ന തത്വങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. ഈ വ്യവസ്ഥ തന്നെയാണ് രാജ്യത്തുയർന്നു വന്ന ഒട്ടനവധി പ്രശ്നങ്ങൾ നീതിയുക്തം പരിഹരിക്കാൻ സഹായകമായതും. പ്രസ്താവനകൾ ഇറക്കുന്നതിലല്ല, ഭരണഘടന അനുശാസിക്കുന്ന തരത്തിൽ മുന്നേറുമ്പോഴാണ് നമ്മൾ പ്രതിജ്ഞാബദ്ധരാവുന്നതെന്ന് ഒരിക്കൽ റിപ്പബ്ളിക് ദിനപരേഡിനെ അഭിസംബോധന ചെയ്തുകൊണ്ട് അന്നത്തെ പ്രസിഡന്‍റ് എസ്. രാധാകൃഷ്ണൻ പറയുകയുണ്ടായി.