ന്യൂഡല്‍ഹി: ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളെ നാം ദൃഢനിശ്ചയത്തോടെ നേരിടണമെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ഇന്ത്യ-ചൈന പ്രശ്‌നം, കൊവിഡ് പ്രതിസന്ധി എന്നീ വിഷയങ്ങളെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു ഉപരാഷ്‌ട്രപതിയുടെ പ്രതികരണം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഷ്യൽ മീഡിയ സൂപ്പർ ആപ്ലിക്കേഷനായ 'എലിമെന്‍റ്‌സി'ന്‍റെ ഉദ്‌ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെല്ലുവിളികളെ ദൃഢനിശ്ചയത്തോടെ നേരിടണമെന്ന് ഉപരാഷ്‌ട്രപതി - നരേന്ദ്ര മോദി
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഷ്യൽ മീഡിയ സൂപ്പർ ആപ്ലിക്കേഷനായ 'എലിമെന്‍റ്‌സ്' ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഉദ്‌ഘാടനം ചെയ്‌തു.
രാജ്യത്തെ സ്വയം പര്യാപ്‌തമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആത്മനിർഭർ ഭാരത്' സംരംഭത്തെക്കുറിച്ചും വെങ്കയ്യ നായിഡു പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലയിലും വളർച്ച ഉണ്ടാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ചരിത്രത്തിലെ നിർണായകമായ നിമിഷത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുക, മാനവ വിഭവശേഷി സമ്പുഷ്‌ടമാക്കുക, ശക്തമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കുക തുടങ്ങിയവയിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക ശേഷിക്ക് ഒരു പുതിയ ഉത്തേജനം നൽകുകയാണ് ആത്മനിഭർ ഭാരത് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരത്തിലധികം ഐടി പ്രൊഫഷണലുകൾ ചേര്‍ന്ന് 'എലിമെന്‍റ്സ്' എന്ന തദ്ദേശീയ ആപ്ലിക്കേഷൻ സൃഷ്ടിച്ചതിൽ സന്തോഷമുണ്ടെന്നും എട്ട് ഇന്ത്യൻ ഭാഷകളിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാകുമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.