കൊൽക്കത്ത: എൻആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിക്ക് കൊവിഡ് പോസിറ്റീവ്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ആൺകുഞ്ഞിന് ജന്മം നൽകിയ സ്ത്രീയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെയും കുഞ്ഞിനെയും എ.ആർ ബംഗൂർ ആശുപത്രിയിലെ കൊവിഡ് വാർഡിലേക്ക് മാറ്റി. ലേബർ റൂമിൽ പ്രവേശിപ്പിക്കുമ്പോൾ ചുമ പോലുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കുകയായിരുന്നു. തുടർന്നാണ് സ്‌ത്രീക്ക് രോഗബാധയുള്ളതായി സ്ഥിരീകരിച്ചത്. ഏകദേശം മൂന്ന് മണിക്കൂറോളം ഇവർ ലേബർ റൂമിൽ ഉണ്ടായിരുന്നു. ഈ സമയത്ത് ഗർഭിണികളായ ആറ് സ്‌ത്രീകൾ ഇവരുമായി സമ്പർക്കത്തിൽ വന്നതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
കൊൽക്കത്തയിൽ പ്രസവ ശേഷം യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെയും കുഞ്ഞിനെയും എ.ആർ ബംഗൂർ ആശുപത്രിയിലെ കൊവിഡ് വാർഡിലേക്ക് മാറ്റി
ഇവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ഇവരുമായി ഇടപഴകിയ ഡോക്‌ടർമാർ, നഴ്‌സുമാർ മറ്റ് ജീവനക്കാർ എന്നിവരെ നിരീക്ഷണത്തിലാക്കുന്നതിനുള്ള നടപടികളും ഉടനെ ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അണുനാശിനി നടപടിക്രമങ്ങൾക്കായി എൻആർഎസ് ആശുപത്രിയുടെ ലേബർ റൂമും ഗൈനക്കോളജി വാർഡും താൽക്കാലികമായി അടച്ചുപൂട്ടി. ഇവിടുത്തെ എല്ലാ രോഗികളെയും മാറ്റി പാർപ്പിച്ചിട്ടുമുണ്ട്. ഇതിന് പുറമെ, എൻആർഎസ് ആശുപത്രിയിൽ ഐസോലേഷനിലുള്ള മൂന്ന് രോഗികളെ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് എ.ആർ ബംഗൂർ ആശുപത്രിയിലേക്ക് മാറ്റി.