റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷം ; ഡല്‍ഹിയില്‍ യാത്രക്കാര്‍ വലയുന്നു - റോഡുകളില്‍ വെള്ളക്കെട്ട്
ശക്തമായ മഴ തലസ്ഥാനത്തെ വായുമലിനീകരണത്തിന്‍റെ അളവ് കുറച്ചതായും റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : മഴ കുറഞ്ഞെങ്കിലും ഡല്‍ഹിയിലെ റോഡുകളിലെ വെള്ളക്കെട്ടിന് ശമനമില്ല. ഓടകള്‍ കവിഞ്ഞൊഴുകുന്നതും റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതും തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ ഗതാഗത കുരുക്കാണ് സൃഷ്ടിക്കുന്നത്.
പ്രധാന കവലകളായ ഡൗള ക്വാന്‍, ഡി.എന്‍.ഡി മേല്‍പ്പാലം, എയിംസ്, നിഗംബോദ് ഘട്ട് എന്നിവിടങ്ങളില്‍ യാത്രക്കാര്‍ വലയുകയാണ്. പിതംപുരയിലും, കമലാ നഗറിലും സമാന സ്ഥിതിയാണ്.
അതേസമയം ശക്തമായ മഴ തലസ്ഥാനത്തെ വായുമലിനീകരണത്തിന്‍റെ അളവ് കുറച്ചതായി വായുവിന്‍റെ ഗുണനിലവാരം, കാലാവസ്ഥ എന്നിവയെ കുറിച്ച് പഠനം നടത്തുന്ന ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ ശുദ്ധതയുള്ള വായുവാണ് ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയിലും സമീപപ്രദേശങ്ങളായ നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഇവിടങ്ങളിലെ ശരാശരി താപനില 25 ഡിഗ്രി സെല്‍ഷ്യസിനും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു