ഹൈദരാബാദ്: കടുത്ത ജലദൗര്‍ലഭ്യമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വിവിധ കാരണങ്ങളാൽ കുടിവെള്ള സ്രോതസുകള്‍ ദുർലഭമായിക്കൊണ്ടിരിക്കുകയാണ്. ജാഗ്രത പാലിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യാത്ത പക്ഷം പ്രശ്‌നം സങ്കീര്‍ണമാകും. കഴിഞ്ഞ വേനൽക്കാലത്ത് തമിഴ്‌നാടും മഹാരാഷ്‌ട്രയും നേരിട്ട ജലക്ഷാമത്തിന്റെ കാഠിന്യം നാം നേരില്‍ കണ്ടതാണ്. ജലം സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാരുകള്‍ കൈക്കൊണ്ടില്ലെങ്കില്‍ 2022ഓടെ നടക്കുമെന്ന് കരുതുന്ന ജലയുദ്ധത്തില്‍ ഇന്ത്യയും പങ്കാളിയാകേണ്ടിവരും. ഇന്ത്യയില്‍ നിലവിലുള്ള ജലദൗര്‍ലഭ്യത്തിന് സര്‍ക്കാരുകള്‍ക്കുള്ളതുപോലെ ഉത്തരവാദിത്തം ജനങ്ങള്‍ക്കുമുണ്ടെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് അഭിപ്രായപ്പെട്ടു. അവകാശങ്ങളെക്കുറിച്ച് വളരെയധികം സംസാരിക്കുന്ന ജനങ്ങള്‍ ചുമതലകളുടെ കാര്യം വരുമ്പോള്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതാപനത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ദുരന്ത പ്രതിഫലനങ്ങള്‍ ആദ്യം കണ്ടത് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ്. 2017-18 കാലഘട്ടത്തില്‍ നഗരത്തിലെ 40 ലക്ഷത്തോളം പേരാണ് വെള്ളമില്ലാതെ ദിവസങ്ങളോളം നരകിച്ചത്. ജലദൗര്‍ലഭ്യം കാരണം ദിവസം 50 ലിറ്റര്‍ വെള്ളം കൊണ്ടാണ് നഗരത്തിലെ ഒരു കുടുംബം ജീവിച്ചത്. അമേരിക്കയില്‍ ഒരാള്‍ ഒരു ദിവസം കുളിക്കാനുപയോഗിക്കുന്നത് 50 ലിറ്റര്‍ വെള്ളമാണെന്ന് പറയുമ്പോള്‍ കേപ്‌ടൗണിലെ സാഹചര്യം കൂടുതല്‍ വ്യക്തമാകുന്നു. വസ്‌ത്രം കഴുകാതെ ജലം സംരക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കേണ്ട ഗതികേടിലേക്ക് നഗരത്തിലെ ഭരണാധികാരികള്‍ എത്തിയത് അത്‌ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്.
ആഗോളതാപനം ശക്‌തമായതോടെ പസഫിക് സമുദ്രത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ രൂപപ്പെട്ട 'എല്‍ നിനോ' പ്രതിഭാസം ആഫ്രിക്കന്‍ മേഖലയിലെ ആകാശത്തുണ്ടായിരുന്ന മഴമേഖങ്ങളെ ഇല്ലാതെയാക്കി. ഇത് ആഫ്രിക്കന്‍ നഗരമായ കേപ്‌ടൗണിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ജനസംഖ്യ ഉയരുന്നതനുസരിച്ച് ജലദൗര്‍ലഭ്യമുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും അധികാരികള്‍ വേണ്ട നടപടികളെടുക്കാതിരുന്നത് പ്രശ്‌നത്തിന്‍റെ ആക്കം കൂട്ടി. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണ് ജലക്ഷാമത്തില്‍ തകര്‍ന്നത് എന്നു പറയുമ്പോള്‍ ജലം ഇല്ലാതായാലുള്ള അവസ്ഥയുടെ കാഠിന്യം കൂടിയാണ് കേപ്‌ടൗണ്‍ കാണിച്ചു തരുന്നത്. ഇന്ത്യയിലെ കേപ്‌ടൗണായി ചെന്നൈയും ബംഗലൂരുവും വരുന്ന കാലഘട്ടത്തില്‍ മാറുമെന്നാണ് പ്രവചനം.