കാറിൽ മൂത്രമൊഴിക്കുന്നത് തടയാൻ ശ്രമിച്ച സെക്യൂരിറ്റിയെ തീകൊളുത്തി - മുംബൈ കുറ്റകൃത്യങ്ങൾ
സംഭവത്തിൽ പൊള്ളലേറ്റ സെക്യൂരിറ്റി ഗാർഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മുംബൈ: സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാർഡിനെ ഓട്ടോ റിക്ഷാ ഡ്രൈവർ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി. സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമയുടെ കാറിൽ മൂത്രമൊഴിക്കുന്നത് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇയാൾ സെക്യൂരിറ്റി ഗാർഡിനെ തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ഭോസാരി ഇൻഡസ്ട്രിയൽ ഏരിയയിൽ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന സംഭവത്തിൽ സെക്യൂരിറ്റി ഗാർഡായ ശങ്കർ വയഫാൽക്കറിന് (41) പൊള്ളലേറ്റിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറായ മഹേന്ദ്ര ബാലു കടം (31) യെ പിന്നീട് ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 307 (കൊലപാതകശ്രമം), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം അറസ്റ്റ് ചെയ്‌തതായും പൊലീസ് അറിയിച്ചു.