കേരളം

kerala

ETV Bharat / bharat

ഇല പാത്രങ്ങളുമായി വനിതാ കൂട്ടായ്‌മ - Sambalpur news

സാല്‍ വൃക്ഷത്തിന്‍റെ ഇലകള്‍കൊണ്ടാണ് ഒഡീഷയിലെ റെംഗാളി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള ഗുമൈ പ്രദേശത്തെ സ്‌ത്രീകള്‍ പാത്രങ്ങളുണ്ടാക്കുന്നത്.

പ്ലാസ്‌റ്റിക് നിരോധനം വാര്‍ത്തകള്‍ Odisha news Sambalpur news ഒഡീഷ വാര്‍ത്തകള്‍
ഇല പാത്രങ്ങളുമായി വനിതാ കൂട്ടായ്‌മ

By

Published : Dec 13, 2019, 1:40 PM IST

Updated : Dec 13, 2019, 3:24 PM IST

സാംബല്‍പ്പൂര്‍:ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ നിരോധനം ഒഡീഷയിലെ സാംബൽപൂരിലുള്ള ഒരു കൂട്ടം വനിതകള്‍ക്ക് അനുഗ്രഹമായി. പ്ലാസ്‌റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന സാല്‍ വൃക്ഷത്തിന്‍റെ ഇലകള്‍കൊണ്ട് പാത്രങ്ങളുണ്ടാക്കി വില്‍ക്കുകയാണ് റെംഗാളി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള ഗുമൈ പ്രദേശത്തെ സ്‌ത്രീകള്‍. പരമ്പരാഗത രീതിക്ക് പകരം യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പാത്രനിര്‍മാണം. ഇതിന് വേണ്ട പരിശീലനം നല്‍കുന്നതും, യന്ത്രങ്ങള്‍ നല്‍കിയതും ജില്ലാ ഭരണകൂടമാണ്.

ഇല പാത്രങ്ങളുമായി വനിതാ കൂട്ടായ്‌മ

പാത്ര നിര്‍മാണത്തിന്‍റെ അസംസ്‌കൃതവസ്‌തുവായി സാല്‍ ഇലകള്‍ തേടി സ്‌ത്രീകള്‍ രാവിലെ കാട്ടിലേക്ക് പോകും. ഇലകള്‍ ശേഖരിച്ച് തിരിച്ചെത്തുന്ന സംഘം ഫോറസ്‌റ്റ് ഓഫീസിന് സമീപത്തുള്ള പാത്രനിര്‍മാണ ശാലയില്‍ വച്ച് ഇലകള്‍ പാത്രങ്ങളാക്കുന്നു. തുടര്‍ന്ന് വെയിലത്ത് വച്ച് പാത്രങ്ങള്‍ ഉണക്കും. പിന്നീട് തയ്യല്‍ മെഷീന്‍ ഉപയോഗിച്ച് തുന്നിച്ചേര്‍ത്ത ശേഷം ഒരു പ്രസ്സിങ് മെഷീനില്‍ ഇടുന്നതോടെ പാത്രം തയാര്‍.

നേരത്തെ ഒരാള്‍ പ്രതിദിനം 100 പ്ലേറ്റുകളാണ് തയാറാക്കിയിരുന്നത്. ഇപ്പോള്‍ മെഷീനുകള്‍ എത്തിയതോടെ ഉല്‍പ്പാദനം പ്രതിദിനം 500 പ്ലേറ്റുകളായി ഉയർന്നു. 3.50 രൂപയ്‌ക്കാണ് ഇപ്പോള്‍ ഒരു പാത്രം വില്‍ക്കുന്നത്. നേരത്തെ ഇത് 70 പൈസയായിരുന്നു.

സംബൽപൂർ ജില്ലാ ഭരണകൂടം, വനംവകുപ്പ്, ഒഡീഷ ഗ്രാമവികസന സൊസൈറ്റി (ഒആർ‌എം‌എസ്), ഒഡീഷ ഉപജീവന ദൗത്യം (ഒ‌എൽ‌എം) എന്നിവയുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. നിലവിൽ വനംവകുപ്പ് 10 തയ്യൽ മെഷീനുകളും നാല് പ്രസ്സിങ് മെഷീനുകളും നൽകിയിട്ടുണ്ട്. പ്രദേശത്ത് സ്ഥിരം പരിശീലന കേന്ദ്രം സ്ഥാപിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സിആര്‍എസ് ഫണ്ടില്‍ നിന്ന് തുക വകയിരുത്തി പ്രാദേശിക തലത്തില്‍ കൂടുതല്‍ യന്ത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ജില്ലാ ഗ്രാമവികസന ഏജൻസി പ്രോജക്ട് ഡയറക്ടർ സുകന്ത ത്രിപാഠി പറഞ്ഞു. നിലവിൽ ഇല പ്ലേറ്റുകൾ ഗോവയിലേക്കും അയക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇലപാത്രങ്ങള്‍ റായ്പൂർ, ഭോപ്പാൽ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് അയക്കുമെന്നും ത്രിപാഠി കൂട്ടിച്ചേർത്തു.

Last Updated : Dec 13, 2019, 3:24 PM IST

ABOUT THE AUTHOR

...view details