ഹൈദരാബാദ്: പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് ഇന്ധനമുണ്ടാക്കുകയാണ് ഹൈദരാബാദിലെ മെക്കാനിക്കല്‍ എഞ്ചിനീയറായ സതീഷ് കുമാര്‍. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉല്‌പന്നങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. 500 കിലോ പുനരുപയോഗ സാധ്യമല്ലാത്ത പ്ലാസ്റ്റിക്കില്‍ നിന്ന് 400 ലിറ്റര്‍ ഇന്ധനമുണ്ടാക്കാമെന്നാണ് സതീഷ് കുമാര്‍ പറയുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് ഇന്ധനം; ആശയവുമായി ഹൈദരാബാദ് എഞ്ചിനീയര്‍ - ആശയവുമായി ഹൈദരാബാദ് എഞ്ചിനീയര്‍
പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉല്‌പന്നങ്ങളാണ് ഹൈദരാബാദിലെ മെക്കാനിക്കല്‍ എഞ്ചിനീയറായ സതീഷ് കുമാര്‍ ഇന്ധനമുണ്ടാക്കാനായി ഉപയോഗിക്കുന്നത്.
മൂന്ന് ഘട്ടങ്ങളുള്ള റിവേഴ്‌സ് എഞ്ചിനീയറിങ് പ്രകൃയയാണ് അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. നേരിട്ടല്ലാതെ പ്ലാസ്റ്റിക് വാക്വം ഉപയോഗിച്ച് ചൂടാക്കുകയും ഡിപോളിമറൈസേഷന്‍ , ഗ്യാസിഫിക്കേഷന്‍, കണ്ടന്‍സേഷന്‍ എന്നീ പ്രക്രിയയകളിലൂടെ കടന്നാണ് അദ്ദേഹം ഇന്ധനമുണ്ടാക്കുന്നത്. ഇതില്‍ നിന്നും ഡീസല്‍, ഏവിയേഷന്‍ ഫ്യുവല്‍, പെട്രോളിന് സമാനമായ ഇന്ധനം എന്നിവയുണ്ടാക്കിയെടുക്കാം. ഈ ഇന്ധനങ്ങള്‍ പെട്രോളിനു സമാനമായ സവിശേഷതകള്‍ കാണിക്കുമെങ്കിലും ഫലത്തില്‍ വ്യത്യസ്‌തമാണ്. പ്ലാസ്റ്റിക് പൈറോലിസിസില്‍ നിന്ന് തികച്ചും വ്യത്യസ്‌തമാണിത്. ഇന്ധനമുണ്ടാക്കുന്ന ഈ പ്രക്രിയയ്ക്ക് ചിമ്മിനിയുടെ ആവശ്യമില്ലയെന്നതും ഉപയോഗശേഷം അവശിഷ്‌ടങ്ങളില്ലയെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ഇതിന്‍റെ ഫലമായുണ്ടാകുന്ന വാതകം പ്രധാനമായും ഉപയോഗിക്കുന്നത് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനും ശേഷിക്കുന്ന കാര്‍ബണ്‍ മാലിന്യങ്ങള്‍ ചെടികള്‍ക്ക് വളമായും ഉപയോഗിക്കാവുന്നതാണ്.
ഗ്ലാസ്, പേപ്പര്‍, പ്ലാസ്റ്റിക്, മെറ്റല്‍, ജൈവമാലിന്യങ്ങള്‍ തുടങ്ങി അഞ്ച് തരത്തിലുള്ള മാലിന്യങ്ങളാണ് പ്രധാനമായും നമ്മുടെ ചുറ്റിലുമുണ്ടാകുന്നതെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. ഇവയെ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം പുതു സംരഭങ്ങളെപ്പറ്റിയുള്ള ബോധവല്‍ക്കരണം നല്‍കുകയാണെങ്കില്‍ രാജ്യത്തുനിന്നും പ്ലാസ്റ്റിക് പൂര്‍ണമായും തുടച്ചുനീക്കാമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.