ഹൈദരാബാദ്: ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒമ്പത് പേരെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പ്രതി. മരിച്ച മക്‌സൂദിന്‍റെ ബന്ധുവായ പെണ്‍കുട്ടിയെയാണ് സഞ്ജയ് കുമാർ യാദവ് ആദ്യം കൊല്ലുന്നത്. ഈ ക്രൂരകൃത്യം മറച്ചുവെക്കാനാണ് മറ്റു ഒന്‍പത് പേരെ കൂടി കൊന്ന് കിണറ്റില്‍ തള്ളിയത്.
മാർച്ച് എട്ടിന് മക്‌സൂദിന്‍റെ ബന്ധുവായ പെൺകുട്ടിയെ സഞ്ജയ് കുമാർ കൊൽക്കത്തയിലേക്ക് കൂട്ടികൊണ്ടുപോയിരുന്നു. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ നിഡാവാവോളിൽ വെച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പെൺകുട്ടിയെ ഇയാൾ തള്ളിയിട്ട് കൊന്നു. ഈ കൊലപാതകം സംബന്ധിച്ച വിവരം മക്‌സൂദ് പൊലീസിനെ അറിയിക്കുമെന്ന് ഭയന്നാണ് കുടുംബത്തെ ഒന്നടങ്കം കൊല്ലാൻ തീരുമാനിച്ചതെന്ന് സഞ്ജയ് കുമാർ യാദവ് പൊലീസിനോട് പറഞ്ഞു.
തെലങ്കാനയിലെ ഗീസുക്കൊണ്ട മണ്ഡലിലെ ഗോറെക്കുണ്ഡ ഗ്രാമത്തിലെ ചണച്ചാക്ക് നിർമാണ കേന്ദ്രത്തോട് ചേർന്നുള്ള കിണറ്റിലാണ് ഒമ്പത് പേരുടെ മൃതദേഹം കണ്ടെത്തിയത്. വാറങ്കലിലെ ചണച്ചാക്ക് നിര്‍മാണ കമ്പനിയിലെ തൊഴിലാളിയായ മുഹമ്മദ് മക്‌സൂദ് ആലം അദ്ദേഹത്തിന്‍റെ ഭാര്യ നിഷ, മക്കൾ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇവര്‍ക്കുപുറമെ ബിഹാര്‍ സ്വദേളികളായ ശ്രീറാം കുമാര്‍ ഷാ, ശ്യാം കുമാര്‍ ഷാ ത്രിപുര സ്വദേശിയായ മുഹമ്മദ് ഷക്കീല്‍ എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. ഇവരെല്ലാം ഒരേ കമ്പനിയിലെ തൊഴിലാളികളാണ്.
ഒമ്പത് പേർക്കും ഉറക്ക ഗുളിക കലർത്തിയ ശീതളപാനീയം നൽകിയാണ് ക്രൂരകൃത്യം ചെയ്‌തതെന്ന് സഞ്ജയ് കുമാർ സമ്മതിച്ചു. പ്രതികളെ പിടികൂടാൻ ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ച് വാറങ്കൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു.