ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് 46 കോടി രൂപയുടെ സംഭാവന നൽകുമെന്ന് വാൾമാർട്ടും ഫ്ലിപ്‌കാർട്ടും വാൾമാർട്ട് ഫൗണ്ടേഷനും അറിയിച്ചു. രാജ്യത്ത് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും പാവപ്പെട്ട ജനങ്ങൾക്കും സഹായമെത്തിക്കുമെന്നാണ് വാൾമാർട്ട് അറിയിച്ചത്.
ഇന്ത്യക്ക് 46 കോടി രൂപയുടെ സഹായവുമായി വാൾമാർട്ടും ഫ്ലിപ്‌കാർട്ടും - walmart foundation
രാജ്യത്ത് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും പാവപ്പെട്ട ജനങ്ങൾക്കും സഹായമെത്തിക്കുമെന്നാണ് വാൾമാർട്ട് അറിയിച്ചത്.
പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് എൻജിഒകൾ വഴി 38.3 കോടി രൂപയുടെ സഹായമാണ് ഫ്ലിപ്‌കാർട്ടും വാൾമാർട്ടും നൽകുന്നത്. ആരോഗ്യപ്രവർത്തകർക്ക് അത്യാവശ്യമായ എൻ95 മാസ്‌കുകളും മെഡിക്കൽ ഗൗണുകളും ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങൾക്കായാണ് കമ്പനി ഈ പണം ചിലവഴിക്കുന്നത്. ഇതിന് പുറമെ, കർഷകർക്കും ചെറുകിട തൊഴിലാളികൾക്കും ഗ്രാമവാസികൾക്കും ആവശ്യമായ ആഹാരം, മരുന്ന്, ശുചിത്വ പരിപാലന വസ്‌തുക്കൾ എന്നിവ ലഭ്യമാക്കുന്നതിനായി ഗൂഞ്ച്, ശ്രീജൻ തുടങ്ങിയ സംഘനകൾ വഴി സഹായമെത്തിക്കും. ഇതിനായി 7.7 കോടി രൂപ സംഭാവന നൽകുമെന്നും വാൾമാർട്ട് ഫൗണ്ടേഷൻ വ്യക്തമാക്കി.
തങ്ങളുടെ ഇന്ത്യൻ ഉപഭോക്താക്കൾ ആഗോള മഹാമാരിക്കെതിരെ പോരാടുമ്പോൾ അവർക്കൊപ്പം നിൽക്കാനാണ് താൽപര്യമെന്നും കഷ്‌ടപ്പെടുന്ന ജനങ്ങളെ സഹായിക്കുവാനായി പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു. വാൾമാർട്ടും ഫ്ലിപ്‌കാർട്ടും ചേർന്ന് ഇതിനോടകം തന്നെ 300,000 എൻ95 മാസ്‌കുകളും 10 ലക്ഷം മെഡിക്കൽ ഗൗണുകളും സമാഹരിച്ചിട്ടുണ്ട്. ഇന്ത്യയിലെ കൊവിഡ് പ്രവർത്തനങ്ങൾക്ക് സഹായകമായി ഇവ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.