ഭുവനേശ്വര്‍: പ്രളയദുരിതങ്ങള്‍ പല വിധത്തിലാണ്.പല വാർത്തകളും നൊമ്പരപ്പെടുത്തുന്നതാണ് . ജീവിക്കാനുളള മനുഷ്യന്‍റെ പോരാട്ടമാണ് ഇവിടെ കാണുന്നത്. ആംബുലന്‍സ് സൗകര്യം ലഭ്യമാകാത്തതിനാല്‍ ഗര്‍ഭിണിയായ സ്ത്രീയെയും കൊണ്ട് നദി മുറിച്ചു കടക്കുന്ന രംഗം ഗ്രാമവാസികളുടെ ദുരിതത്തെ മുഴുവന്‍ പ്രതിഫലിപ്പിക്കുന്നതാണ്. ഒഡീഷയിലെ കാലഹണ്ടി ജില്ലയിലാണ് സംഭവം.
നെഹല ഗ്രാമത്തിലുള്ളവരാണ് ഗര്‍ഭിണിയായ സ്ത്രീയെയും ചുമന്നുകൊണ്ട് 12 കിലോമീറ്റര്‍ നടന്നത്. ആംബുലന്‍സിന് കാത്തു നിന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്നുറപ്പായതോടെയാണ് ഗ്രാമവാസികൾ ഈ സാഹസത്തിന് മുതിർന്നത്. മികച്ച റോഡ് ഗതാഗതം ഇവര്‍ക്ക് കാലങ്ങളായി സ്വപ്നം മാത്രമാണ്. ഉള്ള റോഡുകളാവട്ടെ ഗതാഗത യോഗ്യമല്ല.അതുകൊണ്ട് തന്നെ രോഗം വന്നാലോ അടിയന്തര സാഹചര്യങ്ങള്‍ വന്നാലോ ആംബുലന്‍സ് എത്തിക്കാൻ കഴിയില്ല. പലപ്പോഴും കൃത്യ സമയത്ത് ചികിത്സ കിട്ടാതെ രോഗി മരിക്കുന്ന സംഭവങ്ങളും ഇവിടെ തുടര്‍ക്കഥയാണ്.