ലഖ്‌നൗ: വികാസ് ദുബെയുടെ സഹായിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കാണ്‍പൂര്‍ വെടിവെപ്പിനിടെ കൊള്ളയടിക്കപ്പെട്ട പൊലീസിന്‍റെ രണ്ട് റൈഫിളുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പിടിച്ചുകൊടുത്താല്‍ 50,000 രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ദുബെയുടെ സഹായി ശശികാന്തിനെയാണ് അറസ്റ്റ് ചെയ്‌തതെന്ന് എഡിജിപി പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. കാണ്‍പൂര്‍ വെടിവെപ്പില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാളെ പുലര്‍ച്ചെ 2.50നാണ് പിടികൂടിയതെന്ന് എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ബിക്രു ഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ സമ്മതിച്ച ഇയാള്‍ കൊള്ളയടിച്ച റൈഫിളുകള്‍ വികാസ് ദുബെയുടെ വീട്ടില്‍ ഒളിപ്പിച്ചതായി പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എകെ 47 റൈഫിളും 17 വെടിയുണ്ടകളും ഇന്‍സാസ് റൈഫിളും 20 വെടിയുണ്ടകളും കണ്ടെത്തി.
വികാസ് ദുബെയുടെ സഹായി അറസ്റ്റില്‍; കൊള്ളയടിക്കപ്പെട്ട റൈഫിളുകള്‍ കണ്ടെടുത്തു - കാണ്‍പൂര്‍
ദുബെയുടെ സഹായി ശശികാന്തിനെയാണ് അറസ്റ്റ് ചെയ്‌തത്. എകെ 47 റൈഫിളും 17 വെടിയുണ്ടകളും ഇന്‍സാസ് റൈഫിളും 20 വെടിയുണ്ടകളുമാണ് കണ്ടെത്തിയത്
കാണ്‍പൂര്‍ വെടിവെപ്പില്‍ പ്രതികളായ 21 പേരില്‍ 6 പേര്‍ കൊല്ലപ്പെട്ടെന്നും നാല് പേരെ അറസ്റ്റ് ചെയ്‌തെന്നും 11 പേരെ ഇനിയും പിടികൂടാനുണ്ടെന്നും എഡിജിപി പറഞ്ഞു. ജൂലയ് 10ന് പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. ജൂലായ് 9 ന് ഉജ്ജെയിന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ പൊലീസ് വാഹനത്തില്‍ കൊണ്ട് പോകവെ അപകടത്തില്‍ കാറ് മറിയുകയും പൊലീസിന്‍റെ ആയുധങ്ങളുമായി ദുബെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് കൊല്ലപ്പെടുകയുമായിരുന്നു. ജൂലായ് 2 ന് ഇയാള്‍ക്കായി കാണ്‍പൂര്‍ പൊലീസ് ബിക്രു ഗ്രാമത്തില്‍ നടത്തിയ തിരച്ചിലിനിടെ വികാസ് ദുബെയുടെ കൂട്ടാളികള്‍ നടത്തിയ വെടിവെപ്പില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് വികാസ് ദുബെയ്‌ക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.