ന്യൂഡൽഹി:വികാസ് ദുബെയുടെ കൊലപാതകം അന്വേഷിക്കുന്ന ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി. വികാസ് ദുബെയെയും സഹായികളെയും കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച ഡിജിപി കെ. എൽ ഗുപ്തയെ നീക്കാൻ ആവശ്യപ്പെട്ട് അഭിഭാഷകൻ ഗാൻഷ്യം ഉപാധ്യായയും അനൂപ് അവസ്തിയും ചേർന്നാണ് ഹർജി നൽകിയത്. ആസൂത്രിതമായ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് കേസിൽ സിബിഐ, എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഇരുവരും നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വികാസ് ദുബെ കൊലപാതകം; ജുഡീഷ്യൽ കമ്മീഷൻ പുനക്രമീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
വികാസ് ദുബെയെയും സഹായികളെയും കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച ഡിജിപി കെ.എൽ ഗുപ്തയെ നീക്കാൻ ആവശ്യപ്പെട്ട് അഭിഭാഷകൻ ഗാൻഷ്യം ഉപാധ്യായയും അനൂപ് അവസ്തിയും ചേർന്നാണ് ഹർജി നൽകിയത്
അന്വേഷണ ഉദ്യോഗസ്ഥർ പക്ഷപാതം കാണിക്കുന്നില്ലെന്നും അന്വേഷണം മുറപോലെ നടക്കുന്നുണ്ടെന്നും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. അപേക്ഷകരുടെ ആശങ്ക കൊണ്ട് മാത്രം ഒരാളെ നൽകിയിരിക്കുന്ന ചുമതലയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ പറഞ്ഞു. പാനലിൽ ഒരു സുപ്രീം കോടതി ജഡ്‌ജിയും ഹൈക്കോടതി ജഡ്‌ജിയും ഉണ്ട്. ഒരു ഉദ്യോഗസ്ഥനെ വിശ്വാസമില്ലായെന്നത് കൊണ്ട് അന്വേഷണ കമ്മീഷനെ മൊത്തത്തിൽ കുറ്റപ്പെടുത്താനാവില്ലെന്നും സിജെഐ കൂട്ടിച്ചേർത്തു.