ന്യൂഡൽഹി:ഗുണ്ടാ തലവൻ വികാസ് ദുബെയുടെ കൊലപാതകത്തിൽ ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. സത്യവാങ്‌മൂലത്തിൽ ഏറ്റുമുട്ടൽ വ്യാജമല്ലെന്നും അത്തരത്തിലുള്ള റിപ്പോർട്ടുകൾ തെറ്റായതാണെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു.
കോടതിയുടെ മാർഗ്ഗനിർദേശങ്ങൾ പാലിച്ചിട്ടുണ്ടെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും യുപി സർക്കാർ കോടതിൽ പറഞ്ഞു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതതുപോലെ ദുബെ കീഴടങ്ങാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രത്തിൽ വെച്ചാണ് ഇയാളെ തിരിച്ചറിഞ്ഞതും തുടർന്ന് കസ്റ്റഡിയിൽ എടുത്തതെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. 15 പൊലീസുകാര്‍ മൂന്ന് വാഹനങ്ങളിലായി ദുബെക്ക് അകമ്പടി സേവിച്ചിരുന്നതായും സുരക്ഷ കാരണങ്ങളാലാണ് ദുബെയെ ആദ്യത്തെ വാഹനത്തിൽ നിന്നും മാറ്റാൻ തീരുമാനിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു.