ന്യൂഡല്‍ഹി: വായ്‌പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയതിനെ തുടർന്ന് രാജ്യം വിട്ട ഇന്ത്യൻ വ്യവസായി വിജയ് മല്യയെ ഉടൻ ഇന്ത്യയിലെത്തിച്ചേക്കും. മല്യക്കെതിരായ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത് മുംബൈയിലാണ്. ഇദ്ദേഹത്തെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നിയമനടപടികൾ പൂർത്തിയായ സാഹചര്യത്തിലാണിത്.
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെയും സിബിഐയുടെയും ഉദ്യോഗസ്ഥർ ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. ഇവരോടൊപ്പമാകും വിജയ് മല്യ ഇന്ത്യയിലേക്ക് എത്തുക. മല്യയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കല്‍ സംഘത്തെ മുംബൈ വിമാനത്താവളത്തില്‍ നിയോഗിച്ചു.
പകല്‍ സമയത്താണ് മല്യ എത്തുന്നത് എങ്കില്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റഡിയില്‍ വേണമെന്ന് സിബിഐയും ഇഡിയും ആവശ്യപ്പെടും.
2018ല്‍ മല്യയുടെ ഹർജിയില്‍ വാദം കേൾക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാല്‍ ഏത് ജയിലിലാണ് പാർപ്പിക്കുയെന്ന് യുകെയിലെ കോടതി ആരാഞ്ഞിരുന്നു. മുംബൈയിലെ ആർതർ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്കുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ പാർപ്പിക്കുകയെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. അധോലോക നായകന്മാർ, ഭീകരവാദികൾ എന്നിവരെ തടവിലിട്ടിരിക്കുന്ന ജയിലാണ് ആർതർ റോഡ്. മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്‌മല്‍ കസബിനെ പാർപ്പിച്ചിരുന്നതും ഇവിടെയാണ്.
ഇന്ത്യയിലെ 17 ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷമാണ് മല്യ 2016 മാർച്ച് രണ്ടിന് വിദേശത്തേക്ക് കടന്നത്. ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അവസാനത്തെ ഹർജി മെയ് 14ന് യുകെ കോടതി തള്ളിയിരുന്നു.