കൊവിഡ് രോഗികൾക്കൊപ്പം കിടത്തി മൃതദേഹങ്ങൾ: മോർച്ചറി നിറഞ്ഞെന്ന് വിശദീകരണം - ലോക്മന്യ തിലക് മുനിസിപ്പൽ ജനറൽ ആശുപത്രി
ബിജെപി നിയമസഭാംഗം നിതേഷ് റാണെയാണ് സംഭവത്തിന്‍റെ വീഡിയോ ദൃശ്യം ട്വിറ്ററില്‍ ടാഗ് ചെയ്തത്. ഇതോടെ സംഭവം വിവാദമായി. മൃതദേഹങ്ങൾക്ക് സമീപം രോഗികളും ആരോഗ്യപ്രവർത്തകരും നടക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് നിതേഷ് റാണ ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുംബൈ: കൊവിഡ് രോഗികൾക്ക് സമീപം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കിടക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്. മുംബൈയിലെ സിയോൺ പ്രദേശത്തെ ലോക്‌മാന്യ തിലക് മുനിസിപ്പൽ ജനറൽ ആശുപത്രിയിലാണ് സംഭവം. ബിജെപി നിയമസഭാംഗം നിതേഷ് റാണെയാണ് സംഭവത്തിന്‍റെ വീഡിയോ ദൃശ്യം ട്വിറ്ററില്‍ ടാഗ് ചെയ്തത്. ഇതോടെ സംഭവം വിവാദമായി. മൃതദേഹങ്ങൾക്ക് സമീപം രോഗികളും ആരോഗ്യപ്രവർത്തകരും നടക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് നിതേഷ് റാണ ട്വീറ്റ് ചെയ്തിരിക്കുന്നത്. രോഗികളുടെ സുരക്ഷയിൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ശ്രദ്ധിക്കുന്നില്ലെന്ന് നിതേഷ് റാണെ പറഞ്ഞു. ധാരവിയിൽ നിന്നാണ് കൂടുതൽ കൊവിഡ് രോഗികൾ സിയോണിലെ ആശുപത്രിയിൽ എത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മെഡിക്കൽ സ്റ്റാഫിന്‍റെയും സിയോൺ ആശുപത്രിയുടെയും അശ്രദ്ധയാണ് കൊവിഡ് വൈറസ് അണുബാധ കൂടുതൽ പടരാൻ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ വിവാദമായപ്പോൾ കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹങ്ങൾ എടുക്കാൻ വിമുഖത കാണിക്കുന്നതാണ് കാരണമെന്ന് ഡോ. പ്രമോദ് ഇംഗലെ പറഞ്ഞു. മോർച്ചറിയിലെ 15 സ്ലോട്ടുകളിൽ 11 എണ്ണവും നിറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ഇതുവരെ 10,527 കൊവിഡ് കേസുകളും 412 മരണങ്ങളും റിപ്പോർട്ട് ചെയ്തു.