മുംബൈ: കവിയും എൽഗർ പരിഷത്ത് കേസ് പ്രതിയുമായ വരവര റാവുവിനെ ന്യൂറോളജിക്കൽ, യൂറോളജിക്കൽ ചികിത്സക്കായി മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. 80കാരനായ വരവര റാവു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാഴാഴ്‌ച മുതൽ മുംബൈയിലെ സെന്‍റ് ജോർജ്ജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില തൃ്പ്‌തികരമാണെന്നും ചില ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റാവുവിനെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ പറഞ്ഞു. തുടർന്ന് റാവുവിന്‍റെ മാനസികനില വഷളാണെന്ന് കണ്ടെത്തി. ന്യൂറോളജിക്കൽ, യൂറോളജിക്കൽ ചികിത്സ ആവശ്യമുള്ളതിനാൽ ഇന്ന് പുലർച്ചെ റാവുവിനെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി.
വരവര റാവുവിനെ തുടർചികിത്സക്കായി നാനാവതി ആശുപത്രിയിലേക്ക് മാറ്റി - സെന്‍റ് ജോർജ്ജ് ആശുപത്രി
80കാരനായ വരവര റാവു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാഴാഴ്‌ച മുതൽ മുംബൈയിലെ സെന്‍റ് ജോർജ്ജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യൂറോളജിക്കൽ, യൂറോളജിക്കൽ ചികിത്സക്കായാണ് റാവുവിനെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയത്
നവി മുംബൈയിലെ തലോജ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു റാവു. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളും നിരവധി എഴുത്തുകാരും പ്രവർത്തകരും ആശുപത്രിയിലേക്ക് മാറ്റണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 22 മാസത്തോളമായി ജയിലിൽ കഴിയുന്ന റാവുവിന്‍റെ മാനസിക സ്ഥിതിയും കൊവിഡ് സാഹചര്യവും കണക്കിലെടുത്ത് ജാമ്യം നൽകണമെന്ന് പ്രത്യേക എൻഐഎ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ജയിൽ അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്‌ച ബോംബെ ഹൈക്കോടതിയിൽ രണ്ട് ഹർജികൾ റാവു സമർപ്പിച്ചു. എൽഗർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസിൽ റാവു ഉൾപ്പെടെ 10 പേരാണ് അറസ്റ്റിലായത്. പൂനെ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി.