ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കുന്ന വന്ദേ ഭാരത് മിഷന്‍റെ നാലാം ഘട്ടം ജൂലായ് മൂന്ന് മുതല്‍ ആരംഭിക്കും. ജൂലായ് മൂന്ന് മുതല്‍ 15 വരെയുള്ള നാലാം ഘട്ടത്തില്‍ 17 രാജ്യങ്ങളിലേക്ക് 170 വിമാന സര്‍വീസുകൾ നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പ്രവാസികളെ തിരികെ എത്തുക്കുന്ന ദൗത്യം കേന്ദ്ര സര്‍ക്കാര്‍ മെയ് ആറിനാണ് ആരംഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകൾ നിർത്തിവച്ചിരുന്നു.
വന്ദേ ഭാരത് മിഷൻ നാലാം ഘട്ടം ജൂലായ് മൂന്ന് മുതൽ
ജൂലായ് മൂന്ന് മുതല്‍ 15 വരെയുള്ള നാലാം ഘട്ടത്തില്‍ 17 രാജ്യങ്ങളിലേക്ക് 170 വിമാന സര്‍വീസുകൾ നടത്തും.
വന്ദേ ഭാരത് ദൗത്യത്തിന്‍റെ നാലാം ഘട്ടത്തിൽ കാനഡ, യുഎസ്, യുകെ, കെനിയ, ശ്രീലങ്ക, ഫിലിപ്പൈൻസ്, കിർഗിസ്ഥാൻ, സൗദി അറേബ്യ, ബംഗ്ലാദേശ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, റഷ്യ, ഓസ്‌ട്രേലിയ, മ്യാൻമർ, ജപ്പാൻ, ഉക്രെയ്ൻ, വിയറ്റ്നാം. എന്നീ രാജ്യങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. 170 ചാർട്ടേഡ് വിമാനങ്ങൾ ജൂലൈ മൂന്നിനും 15 നും ഇടയിൽ സർവീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യ- യുകെ, ഇന്ത്യ- യുഎസ് റൂട്ടുകളില്‍ യഥാക്രമം 38 ഉം 32 ഉം വിമാനങ്ങൾ സർവീസ് നടത്തും. സൗദി അറേബ്യയിലേക്ക് 26 വിമാനങ്ങളാണ് സർവീസ് നടത്തുക. ജൂൺ 10ന് ആരംഭിച്ച മൂന്നാം ഘട്ടത്തിൽ വിവിധ രാജ്യങ്ങളിലേക്ക് 495 ചാർട്ടേഡ് എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തി. ജൂലായ് നാലിന് മൂന്നാം ഘട്ടം അവസാനിക്കും. ആദ്യ ഘട്ടം മെയ് ഏഴ് മുതൽ 16 വരെയായിരുന്നു.
മുൻകൂർ അനുമതിയില്ലാതെ ജൂലായ് 22 മുതൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയിൽ ചാർട്ടേഡ് വിമാന സർവീസുകൾ നടത്തുന്നതിൽ നിന്ന് എയർ ഇന്ത്യയെ വിലക്കിയതായി യുഎസ് ഗതാഗത വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാനത്തെ നിയന്ത്രിക്കുന്ന ഉടമ്പടികൾ ഇന്ത്യ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു യുഎസിന്‍റെ നടപടി. അതിനാൽ യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായി വ്യക്തിഗത ഉഭയകക്ഷി ഉടമ്പടികൾ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലൈ പകുതിയോടെ പുനരാരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.