പൂനെ: പൂനെയിലെ സെറത്തില്‍ നിന്നുള്ള കൊവിഡ് വാക്‌സിന്‍റെ ആദ്യ ബാച്ച് വിതരണത്തിനായി റോഡ് മാര്‍ഗം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. വാക്‌സിന്‍ കൊണ്ടുപോകുന്നതിനായി വന്‍തോതില്‍ പൊലീസ് സേനയെയാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ സജ്ജീകരിച്ചത്.
ശക്തമായ സുരക്ഷയാണ് വാക്‌സിന് ഒരുക്കിയതെന്ന് പൂനെ പൊലീസും വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഈ മാസം 16ന് ആരംഭിക്കുന്നതിന് മുന്നോടിയായാണ് ആദ്യ ബാച്ച് പുറത്തിറക്കിയത്. 200 രൂപക്ക് വാക്‌സിന്‍ ലഭിക്കുമെന്ന് സിറം അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വാക്‌സിന്‍ വിതരണം നടത്താന്‍ സാധിക്കുന്നത് രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്‌ച പറഞ്ഞിരുന്നു. മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ച്ചക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
കൂടുതല്‍ വായനക്ക്: വാക്‌സിൻ വിതരണം അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
കേരളത്തില്‍ കൊവിഡ് വാക്‌സിൻ നൽകുന്നതിനായി 133 കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. ഒരോ കേന്ദ്രത്തിലും ദിവസേന 100 പേർക്ക് വാക്‌സിൻ നൽകും. കാത്തിരുപ്പ് കേന്ദ്രം, വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിവ ഒരോ കേന്ദ്രത്തിലും ഉണ്ടാവും. എല്ലാ വാക്‌സിൻ വിതരണ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സൗകര്യവും എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലോഞ്ചിങ് ദിനത്തിൽ ടുവേ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തും.