ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ പ്രളയ ബാധിത മേഖലയില്‍ രക്ഷാപ്രര്‍ത്തനം പുനരാരംഭിച്ചു. നദികളിലെ ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. ദുരന്ത നിവാരണ സേനയും വിവിധ സേനാ വിഭാഗങ്ങളും നടത്തിയ തെരച്ചിലില്‍ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 170 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നദിയില്‍ ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്.
ഉത്തരാഖണ്ഡ് ദുരന്തം; 14 മൃതദേഹങ്ങള്‍ കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു - നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു
170 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നദിയില്‍ ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്
വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ടണലില്‍ മുപ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇവരെ രക്ഷപ്പെടുത്തുന്നതിനായി മണ്ണ് നീക്കം ചെയ്യുന്നതിന് മണ്ണുമാന്തി യന്ത്രങ്ങള്‍ ദുരന്ത ബാധിത പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ടണലിന്‍റെ ഒരു ഭാഗം നീക്കിയശേഷമാകും രക്ഷാപ്രവര്‍ത്തനം നടത്തുക. കൂടുതല്‍ പേര്‍ മറ്റെവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് വിദഗ്ധ ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്താനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്‌ച രാവിലെ ജോഷിമഠിനടുത്ത് തപോവന്‍ റെനി പ്രദേശത്താണ് മഞ്ഞുമലയിടിഞ്ഞ് ദുരന്തമുണ്ടായത്. അളകനന്ദ, ധൗളി ഗംഗ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചത്. മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ നദികളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരുകയായിരുന്നു. നിര്‍മാണത്തിലിരുന്ന രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു.