ന്യൂഡൽഹി:അഫ്‌ഗാന്‍ സമാധാന പ്രക്രിയയില്‍ ഇന്ത്യയുടെ പങ്ക് ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കന്‍ പ്രത്യേക പ്രതിനിധി സാല്‍മെ ഖലീല്‍സാദ് ഇന്ത്യയിലെത്തി. അഫ്‌ഗാനിസ്ഥാന്‍റെ ആഭ്യന്തര രാഷ്ട്രീയ പ്രക്രിയയിൽ ഇന്ത്യ വലിയ പങ്കുവഹിക്കുന്നുണ്ടോയെന്ന് അറിയാൻ അമേരിക്കക്ക് താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയ്‌ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ഷ്രിംഗ്ല എന്നിവര്‍ ഖലീല്‍സാദുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.
താലിബാനും പാകിസ്ഥാനുമായുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ നേരിട്ട് പങ്കാളിയാവുന്നതില്‍ വിമുഖത കാണിക്കുന്നു എന്നും താലിബാൻ ഉൾപ്പെടെയുള്ള ആഭ്യന്തര രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്‌മമായി നിരീക്ഷിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നുണ്ടെന്ന് ഖലീല്‍സാദ് പറഞ്ഞു. ആഭ്യന്തര സംഭവവികാസങ്ങൾ, സുരക്ഷയുമായി ബന്ധപ്പെട്ടവ, യുഎസ്-താലിബാൻ ചർച്ചകളുടെ ആഘാതം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്‌തു.
ട്രംപിന്‍റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സീനിയർ ഡയറക്ടർ ലിസ കർട്ടിസിനൊപ്പം ഖലീൽസാദ് ദോഹയിലും എത്തിയിരുന്നു. അവിടെ അദ്ദേഹം താലിബാൻ പ്രതിനിധി മുല്ല ബരാദറുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യൻ സന്ദര്‍ശനത്തിന് ശേഷം അഫ്ഗാന്‍ സമാധാന പ്രക്രിയ സംബന്ധിച്ച് വിലയിരുത്താൻ ഇസ്ലാമാബാദിലേക്കും പോകും.
അഫ്ഗാനിസ്ഥാനിലെ പ്രതിരോധത്തിനും സർക്കാർ സേനയ്ക്കുമെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നതിനിടയിലും താലിബാനുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള സമയപരിധി ത്വരിതപ്പെടുത്താൻ ട്രംപ് ഭരണകൂടം ശ്രദ്ധാലുവാണ്. സുസ്ഥിരമായ സമാധാനം അഫ്ഗാനില്‍ പുലരണമെങ്കില്‍ മേഖലയിലെ വന്‍ശക്തികളുടെ സഹകരണം അമേരിക്കക്ക് വേണം. തീവ്രവാദത്തിന്‍റെ പേരിൽ അഫ്ഗാനിസ്ഥാനെ ഭീഷണിപ്പെടുത്തൽ, പ്രതിരോധ സേനയ്‌ക്കെതിരായ താലിബാനിൽ നിന്നുള്ള ആക്രമണം, അഫ്ഗാൻ ഭരണഘടനാ ഘടകങ്ങൾ, ഗവൺമെന്‍റ്, സുരക്ഷാ സേന എന്നിവയിൽ ഇത് ചെലുത്തുന്ന സ്വാധീനവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ ഖലീൽസാദ് ഇന്ത്യൻ പ്രതിനിധികളുമായി ചര്‍ച്ച ചെയ്‌തു.
അഫ്ഗാനിസ്ഥാനിൽ സമാധാനവും അനുരഞ്ജനവും സൃഷ്ടിക്കുന്നതിൽ ഇന്ത്യ ക്രിയാത്മകമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് യുഎസ് വ്യക്തമാക്കി. അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിയുമായി ഇന്ത്യക്ക് നല്ല ബന്ധമാണുള്ളത്. യുഎസ്-താലിബാന്‍ കരാര്‍ പൂര്‍ണമായി നടപ്പാക്കണമെങ്കില്‍ ഇന്ത്യ ഈ പ്രക്രിയയുടെ ഭാഗമായി തുടരേണ്ടതുണ്ടെന്നും അദ്ദഹം വ്യക്തമാക്കി.
അടുത്തിടെ കാബൂളിൽ നടന്ന ഗുരുദ്വാര ആക്രമണവും അഫ്ഗാനിസ്ഥാനിലെ സിഖ്, ഹിന്ദു ന്യൂനപക്ഷങ്ങളുടെ അവസ്ഥയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഖലീൽസാദിന്‍റെ സന്ദർശനത്തിന് ശേഷം ബീജിങിലെ ഇന്ത്യൻ അംബാസഡർ വിക്രം മിശ്രിയും അഫ്ഗാനിസ്ഥാനിലെ ചൈനീസ് പ്രത്യേക പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ലോകമെമ്പാടുമുള്ള ലോക്ക് ഡൗണുകൾക്കും നിയന്ത്രണങ്ങൾക്കുമിടയിലും ചബഹാർ തുറമുഖം പ്രവർത്തനം തുടരുകയാണെന്നും ഇന്ത്യയുടെ ‘അഫ്ഗാനിസ്ഥാനിലേക്കുള്ള മാനുഷിക വിതരണത്തിനുള്ള ഇടനാഴി’ ആണിതെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. ഇറാനിലെ ചബഹാർ തുറമുഖം വഴി അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ 75,000 ടൺ ഗോതമ്പ് കയറ്റി അയക്കുന്നുണ്ട്. ഇതിൽ 5000 ടൺ കഴിഞ്ഞ മാസം കയറ്റി അയച്ചിരുന്നു. ഇതിനുപുറമെ തേയിലയും പഞ്ചസാരയും അഫ്ഗാനിസ്ഥാനിലേക്ക് അയയ്ക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.