അയോധ്യ: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി ഉടന്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി. ഉത്സവകാലം അടുത്തതിനാല്‍ ചെക്ക് പോസ്റ്റുകളില്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കിംവദന്തികള്‍ക്ക് ജനങ്ങള്‍ ചെവികൊടുക്കരുതെന്നും അസ്വഭാവികമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും സര്‍ക്കിള്‍ ഓഫീസര്‍ അമന്‍ സിങ് അറിയിച്ചു. നേരത്തെ അയോധ്യയില്‍ ജില്ലാ മജിസ്ട്രേറ്റ് കോടതി നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. നിരോധനാജ്ഞാ ഡിസംബര്‍ പത്ത് വരെ നീളും.
അയോധ്യയില്‍ സുരക്ഷ ശക്തമാക്കി; ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന
സ്ഥിതിഗതികള്‍ ശാന്തമാണെന്നും അസ്വഭാവികമായ രീതിയില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്നും പൊലീസ്
അതേസമയം വരുന്ന നവംബര്‍ 17ന് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനാല്‍ അതിന് മുമ്പുള്ള ഏത് ദിവസത്തിലും അയോധ്യകേസിലെ വിധി പ്രതീക്ഷിക്കാം. അടുത്ത 23 ദിവസത്തിനുള്ളില്‍ വിധി പ്രസ്താവിക്കും എന്നാണ് കോടതി അറിയിച്ചത്. കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് അയോധ്യകേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. തുടര്‍ന്നങ്ങോട്ട് സുപ്രീംകോടതിയുടെ എല്ലാ പ്രവൃത്തിദിനങ്ങളിലും ഭരണഘടനാ ബെഞ്ച് ഈ കേസില്‍ വിധി കേട്ടു. പതിറ്റാണ്ടുകാലം നീണ്ടുനിന്ന കേസിനിടെ പലവട്ടം അയോധ്യ തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നെങ്കിലും അവയെല്ലാം പരാജയപ്പെട്ടുകയായിരുന്നു.